ഇതിനിടെയാണ് കോൺഗ്രസ് സമരത്തെ വെല്ലുവിളിച്ചുകൊണ്ട് എ വിജയരാഘവൻ സംസാരിച്ചത്. വിവിധ സംസ്ഥാനങ്ങളിലുണ്ടായ തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മറച്ചുവെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തുന്നത്. എന്നാൽ ഇടതുപക്ഷത്തെ പോലെ സമരം ചെയ്യാൻ കോൺഗ്രസ് വളർന്നിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് പ്രസംഗത്തിൽ വിജയരാഘവൻ ചെയ്തത്.
ലോകം അവസാനിക്കുന്നതുവരെ കമ്മ്യൂണിസ്റ്റുകാരെ സമരം ചെയ്തു തോൽപ്പിക്കാൻ കഴിയുന്ന ഒരു കോൺഗ്രസ്സുകാരും കേരളത്തിൽ ജീവിച്ചിരിപ്പില്ല എന്ന് എ വിജയരാഘവൻ അവകാശപ്പെട്ടു.
advertisement
ഒരു കാലത്ത് ഇടതുമുന്നണി വികസനത്തിന് എതിരാണ് എന്ന് വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. കമ്പ്യൂട്ടറിനെ എതിർത്തവർ അല്ലേ നിങ്ങൾ എന്നായിരുന്നു പ്രധാനപ്പെട്ട ചോദ്യം. നിങ്ങൾ ട്രാക്ടറിനെ എതിർത്തില്ലെ എന്നും ഇപ്പോൾ നേതാക്കൾ ചോദിക്കുന്നു.യന്ത്രവൽക്കരണത്തെ എതിർത്തില്ലെ എന്നും പല നേതാക്കളും ചോദിക്കുന്നുണ്ട് എന്നാൽ ഇത്തരം ആരോപണങ്ങൾ കള്ളമാണ് എന്ന് വിജയരാഘവൻ. കാലാനുസൃതമായ വികസനത്തെ സ്വീകരിക്കുന്ന നടപടിയാണ് എല്ലാകാലത്തും ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടറിനെ എതിർക്കുകയല്ല ഇടതുമുന്നണി ചെയ്തത് എന്നാണ് വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നത്. പകരം കമ്പ്യൂട്ടർ വന്നാൽ ഉണ്ടാകുന്ന തൊഴിൽ നഷ്ടം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇടതുമുന്നണി അക്കാലങ്ങളിൽ സമരങ്ങൾ നടത്തിയത് എന്നാണ് വിജയരാഘവൻ പറയുന്നത്.
കെ റെയിൽ വിരുദ്ധ സമരങ്ങൾക്കു പിന്നിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ആണ് ഉള്ളത് എന്ന് ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആരോപിച്ചു.സമരരംഗത്ത് നിൽക്കുന്ന കോൺഗ്രസിനെ വലിയ രീതിയിൽ പരിഹസിച്ചു കൊണ്ടാണ് ഈ വിജയരാഘവൻ സംസാരിച്ചത്. ഇതിനുപിന്നാലെയാണ് സമരത്തിനു പിന്നിൽ അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ട് എന്നുകൂടി എ വിജയരാഘവൻ ആരോപിച്ചത്.സമരത്തിന് എത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിന് കഞ്ഞി വെക്കുന്നതും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജയരാഘവൻ രാഷ്ട്രീയ ആരോപണമുന്നയിച്ചത്.
അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് ബിജെപി, അടുപ്പ് കൂട്ടുന്നത് എസ്ഡിപിഐ, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി എന്നതാണ് സമരത്തിൽ കാണുന്നത് എന്ന് എ വിജയരാഘവൻ ആരോപിച്ചു. ഇതിൽ കോൺഗ്രസിനെ ഗുരുതരമായി ആക്രമിച്ചു കൊണ്ടാണ് വിജയരാഘവൻ സംസാരിച്ചത്. ബിജെപിയുടെ വർഗീയ നിലപാടുകൾ ചൂണ്ടിക്കാട്ടാനും ഇടതുമുന്നണി കൺവീനർ കെ വിജയരാഘവൻ തയ്യാറായി. സംഘർഷ മേഖലകളിൽ തുടർന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. മടപ്പള്ളിയിൽ പൊലീസ് അതിക്രമം കാട്ടിയിട്ടില്ല എന്നു നേതാക്കൾ വിശദീകരിച്ചു. ഏതായാലും കെ റെയിൽ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോകുമെന്നാണ് നേതാക്കൾ പറയുന്നത്. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
