തൃശൂർ: ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴ: ജില്ലയിൽ നാളെ അവധിയില്ല. കളക്ടറുടെ കുറിപ്പ്- 'പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം.. '
advertisement
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും.
മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കുക. അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തുക- ജില്ലാ കളക്ടർ വ്യക്തമാക്കി.
മലപ്പുറം: ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ച അവധിയില്ല. ഇതു സംബന്ധിച്ച് കളക്ടറുടെ കുറിപ്പ്- പ്രിയപ്പെട്ട കുട്ടികളെ,
ഏതു സമൂഹത്തിലും സ്വതന്ത്രമായി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരമുണ്ടാവുക എന്നത് വളർച്ചയുടെ ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ സംവിധാനത്തിൽ. നിങ്ങൾ ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ ചെറിയ ആവശ്യങ്ങൾ അവസരോചിതമായി ഉന്നയിക്കുന്നത് കാണുക എന്നത് സന്തോഷം നൽകുന്ന അനുഭവമാണ്.
മഴക്കെടുതികൾ കാരണം വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതിനു മുൻപ് കാലാവസ്ഥ വകുപ്പിന്റെ അലർട്ട് മാത്രമല്ല തഹസിൽദാർമാർ വഴി ഓരോ താലൂക്കിലെയും അന്നേദിവസത്തെ മഴയുടെ അവസ്ഥയും പാലങ്ങളുടെയും നിലംപതി പാലങ്ങളുടെയും അപകടാവസ്ഥയും പുഴകളിലെ ജലനിരപ്പും വെള്ളക്കെട്ടിന്റെ അവസ്ഥയും മറ്റും അന്വേഷിച്ച് നിങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് അവധി നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.
മഴക്കാലം ആരംഭിച്ച് കഴിഞ്ഞാൽ ഓരോ ദിവസവും നൂറുകണക്കിന് കോളുകളാണ് അവധി ചോദിച്ചു കൊണ്ട് കളക്ടറുടെ ഒഫീഷ്യൽ മൊബൈൽ ഫോണിലേക്ക് വരുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഏതെങ്കിലും മഴക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ വിളിക്കുന്ന സമയത്തായിരിക്കും കളക്ടർക്കോ കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കോ വിദ്യാർത്ഥികളുടെ അവധി ചോദിച്ചുള്ള കോളുകൾ എടുക്കേണ്ടി വരുന്നത്. ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
നിങ്ങൾ അവധി ആവശ്യപ്പെട്ട് വിളിച്ചാലും ഇല്ലെങ്കിലും സുരക്ഷ സംബന്ധിച്ച് മുൻകരുതലുകൾ എടുക്കാൻ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. അവധി നൽകാൻ തീരുമാനമെടുത്താൽ പത്രമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിവരം നിമിഷങ്ങൾക്കകം നിങ്ങളിലേക്ക് എത്തും. ഒഫീഷ്യൽ മൊബൈൽ ഫോണിൽ അവധി ചോദിച്ച് വിളിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ അഭ്യർത്ഥിക്കുന്നു.
നിലവിൽ വയനാട് ജില്ലയിൽ മാത്രമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്