മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി, സഭാ നടപടികളുടെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല, സഭയ്ക്കുള്ളില്‍നിന്നും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തു നല്‍കിയത് എന്നീ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംബന്ധിച്ചാണ് സ്പീക്കറുടെ റൂളിംഗ്.
സഭാ മന്ദിരത്തില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും പാസ്സ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചതിന്റേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റേയും ഓഫീസുകളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനത്തിന്റെ കാര്യത്തില്‍ സംഭവിച്ച ചില ഇടപെടലുകളുടേയും ഫലമായിട്ടാണ് ഇത്തരത്തില്‍ പെരുപ്പിച്ച നിലയില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
advertisement
Also Read-'ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങെന്നെ നിരാശപ്പെടുത്തി': പിണറായി വിജയന് പി.സി ജോർജിന്റെ തുറന്ന കത്ത്
നിയമസഭാ മന്ദിരത്തിലെ മീഡിയാ റൂം ഒഴികെയുള്ള സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരണത്തിന് നിബന്ധനകളോടെ മാത്രമേ നേരത്തേയും അനുമതി നല്‍കാറുള്ളൂ എന്നതാണ് വസ്തുത. ഈ വസ്തുത തമസ്കരിച്ചാണ് ഇന്നലെ മാധ്യമവാർത്തകൾ വന്നത്.
വീഡിയോ ക്യാമറ കൂടാതെയും അംഗീകൃത പ്രസ് പാസ്സ് പ്രദര്‍ശിപ്പിച്ചുകൊണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭാ മന്ദിരത്തിനുള്ളിലെ ഏതൊരു ഭാഗത്തേക്കും പ്രവേശിക്കുന്നതിന് നിലവില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
2002-ലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സഭയിലെ ദൃശ്യങ്ങള്‍ സഭാ ടിവി മാത്രം വഴി സംപ്രേഷണം ചെയ്യുമെന്നും സഭാ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ റൂളിങ്ങിലൂടെ വ്യക്തമാക്കി.
സഭാ ടിവിയിൽ സഭാ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. പക്ഷം നോക്കിയല്ല ദൃശ്യം കാണിക്കുന്നത്. സഭയിലെ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാൽ ഇനി സഭാ ടി.വി. വഴി മാത്രം സഭാ നടപടികള്‍ സംപ്രേഷണം ചെയ്യുകയുള്ളൂ. സഭയിലെ ദൃശ്യങ്ങള്‍ ആക്ഷേപ ഹാസ്യ പരിപാടികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ല.
സഭാ ഹാളിലെ ദൃശ്യങ്ങൾ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കുന്നത് സഭയോടുള്ള അവഹേളനമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത് അപലപനീയമാണ്. ഇത് ആവര്‍ത്തിച്ചാല്‍ ഭാവിയില്‍ അവകാശലംഘനത്തിനുള്ള നടപടികള്‍ കൈക്കൊള്ളും.
ചില അംഗങ്ങള്‍ സഭയിലെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി. ഇവര്‍ക്കെതിരേ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ കത്ത് നല്‍കിയിരുന്നു.
