പാലക്കാട് പൊലീസിനൊപ്പം സേവഭാരതിയുടെ യൂണിഫോം ധരിച്ച് സന്നദ്ധപ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു സന്നദ്ധ സംഘനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി വിവിധ സ്ഥാലങ്ങളില്‍ വാളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ളവര്‍ ഏതെങ്കിലും സന്നദ്ധ സംഘടനയില്‍പെട്ട ആളുകളല്ല. അവര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനായി മുന്നോട്ട് വന്നിട്ടുള്ളവരാണ്. അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ബന്ധമോ സന്നദ്ധസംഘടനയുമായുള്ള ബന്ധമോ ഉണ്ടെങ്കില്‍ അതൊന്നും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ വാഹന പരിശോധന നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. എന്നാല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ് എത്തിയത്. ഇതിനെതിരെയാണ് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്.
'കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.'- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനെ സഹായിച്ചതു സംബന്ധിച്ച വിവാദത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് കോസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ അലംഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍, ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ എന്നിവരെയും സേവനത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.