കെപിസിസി ഓഫീസ് ആക്രമണത്തില്‍ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ് ഉണ്ടായത്. സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങള്‍ ഉണ്ടായി. വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്നും പ്രതിഷേധമുണ്ടാകും.
advertisement
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം, പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിരോധിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗണ്‍മാന്‍ അനില്‍കുമാറിനും പി.എ. സുനീഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
