കോട്ടയം കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം സെന്റ് മൈക്കിൾസ് ഇടവക ദേവാലയത്തിലാണ് ഒരു മാസം മുൻപ് ട്രംപിനായി പ്രത്യേക പ്രാർത്ഥനയായ നൊവേന നടന്നത്. നൊവേനയുമായി ബന്ധപ്പെട്ട് ദേവാലയത്തിലെ രസീതിന്റെ ചിത്രം ന്യൂസ് 18ന് ലഭിച്ചു. ഒക്ടോബർ മൂന്നാം തീയതിയായിരുന്നു 200 രൂപ അടച്ച് ഡോണൾഡ് ട്രംപിനായി നൊവേന ബുക്ക് ചെയ്തത്. പേര് ഡോണൾഡ് ട്രംപ്, സ്ഥലം ഫ്ലോറിഡ, യുഎസ്എ എന്നാണ് രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രിസ്തുമതത്തിലെ പുരാതന പാരമ്പര്യത്തിലുള്ള ഭക്തി പ്രാർത്ഥനയാണ് നൊവേന. തുടർച്ചയായി ഒമ്പത് ദിവസം ആവർത്തിക്കുന്ന ഒരു പ്രാർത്ഥന അല്ലെങ്കിൽ പ്രാർത്ഥനകളുടെ കൂട്ടമാണ് ഇത്. എന്നിരുന്നാലും, ഇത് ഒരു ദിവസത്തെ തുടർച്ചയായ ഒമ്പത് മണിക്കൂറുകൾ കൊണ്ടും പൂർത്തിയാക്കാം. നൊവെന സമയത്ത്, ഭക്തർ അപേക്ഷകൾ സമർപ്പിക്കുന്നു. യേശുക്രിസ്തുവിൽ നിന്ന് അനുഗ്രഹം തേടുക, കന്യാമറിയം അല്ലെങ്കിൽ വിശുദ്ധന്മാരോടു പ്രാർത്ഥിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുട്ടുകുത്തി പ്രാർത്ഥിക്കുകയോ മെഴുകുതിരികൾ കത്തിക്കുകയോ പൂക്കൾ അർപ്പിക്കുകയോ ചെയ്യുന്നു.
advertisement
നേരത്തെ ട്രംപിന്റെ വിജയത്തിന് ഡൽഹിയിലെ ക്ഷേത്രത്തിൽ ഹിന്ദുസേന പൂജ നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു 30 മിനിറ്റ് നീണ്ട പ്രാർത്ഥന നടന്നത്. കിഴക്കൻ ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഡൊണാൾഡ് ട്രംപിന്റെ ജന്മദിനത്തിന് ഡൽഹിയിലെ ജന്തർ മന്തറിൽ കേക്ക് മുറിച്ച് ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.
Summary: Novena prayer for US President elect Donald Trump at church in Kottyam kerala