എൻഎസ്എസുമായുള്ള ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം നൽകിയെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിന് പിന്നാലെയായിരുന്നു ജി സുകുമാരൻ നായരുടെയും പ്രതികരണം.
എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ഐക്യം ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടംവരാത്ത രീതിയിൽ എൻഎസ്എസും എസ്എൻഡിപിയും യോജിച്ചുപോകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെയോ സഹോദരനെ പോലെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''അവർ വരട്ടെ, അവർ വരുമ്പോൾ കാര്യങ്ങൾ സംസാരിച്ച് എങ്ങനെ വേണമെന്ന് തീരുമാനിക്കും. അവരുമായുള്ള ചർച്ച കഴിഞ്ഞിട്ട് എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിളിച്ചുകൂട്ടി ഈ കാര്യങ്ങളെല്ലാം അവിടെ വിശദീകരിക്കും. അവിടെ തീരുമാനമെടുത്തിട്ട് പറയും. ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എൻഎസ്എസിന്റെ ആധികാരികമായ യോഗത്തിൽ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് എന്റെ ഔദ്യോഗിക ചുമതലയാണ്. അത് ചെയ്യും. സംവരണവിഷയത്തിൽ കുറച്ച് അനൈക്യം ഉണ്ടായി. അതിനുശേഷം രണ്ടുസംഘടനകളും യാതൊരു അഭിപ്രായവ്യത്യാസവുമില്ലാതെ പോവുകയാണ്. ഇപ്പോൾ അത് ബലപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ട് എൻഎസ്എസും എസ്എൻഡിപിയും അത് അംഗീകരിക്കുന്നു. എൻഎസ്എസും എസ്എൻഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവർ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മൾ അത് സ്വാഗതംചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും'', സുകുമാരൻ നായർ പറഞ്ഞു.
advertisement
ഐക്യത്തിനെതിരേ സംസാരിക്കുന്നവരെ പുച്ഛിച്ച് തള്ളുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. 'വൈകിട്ടാകുമ്പോൾ കുറേ യോഗ്യന്മാർ തോന്നിയതൊക്കെ വിളിച്ചുപറയുന്നുണ്ട്. അതിന് മറുപടിയില്ല. അതെല്ലാം പുച്ഛിച്ച് തള്ളുന്നു. ഇത് വർഗീയതയൊന്നുമല്ല. ഇത് തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. ഞങ്ങൾക്ക് തിരഞ്ഞെടുപ്പൊന്നും പ്രശ്‌നമല്ല. ഞങ്ങൾക്ക് സമദൂരമാണ്. ഞങ്ങളുടെ ആളുകൾ ഇഷ്ടമുള്ളവർക്ക് വോട്ട്‌ചെയ്യും'- അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ജി സുകുമാരൻ നായർ വീണ്ടും വിമർശിച്ചു. വി ഡി സതീശൻ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു.'' സതീശനെ വലുതാക്കി ഉയർത്തിക്കാണിക്കേണ്ട കാര്യം എന്താണ്? കെപിസിസി പ്രസിഡന്റിനെ അല്ലേ ഉയർത്തിക്കാണിക്കേണ്ടത്. ആരാ വർഗീയതയ്ക്ക് പോകുന്നത്? ഞങ്ങളാരും പോയിട്ടില്ല. പക്ഷേ, അവരെല്ലാം സൗകര്യംപോലെ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി വർഗീയത കാണിക്കുന്നു. കോൺഗ്രസിൽനിന്ന് അനുനയനീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കൊടിക്കുന്നിൽ വന്ന് തിരിച്ചുപോയി എന്നത് ചാനലിൽനിന്ന് കേട്ടതാണ്. ഇങ്ങനെ നടന്നെന്ന് അദ്ദേഹം പിന്നീട് എന്നെ വിളിച്ചു പറഞ്ഞു. സതീശന് ഇവിടെ വലിയ ഉമ്മാക്കി ഒന്നും അല്ലേന്നെ, വെറുതെ കോൺഗ്രസുകാർ പറഞ്ഞ് പെരുപ്പിക്കുന്നതല്ലേ'', സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
ലീഗിന് എത്ര സീറ്റ് വേണമെങ്കിലും കൊടുത്തോട്ടെ ഞങ്ങൾക്ക് പ്രശ്നമില്ല. ഞങ്ങൾക്കൊരു മന്ത്രിയും വേണ്ട. ഒരു പാർലമെൻററി മോഹവും ഞങ്ങൾക്കാർക്കും ഇല്ല. ഞങ്ങൾക്ക് അർഹതപ്പെട്ടത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന സഭകളുടെ നിലപാടിലും അദ്ദേഹം പ്രതികരിച്ചു. തർക്കമുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്ന് എൻഎസ്എസ് നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. അതിന് ശേഷം വെള്ളം ധാരാളം ഒഴുകിപ്പോയി.
ശബരിമല സ്വർണക്കൊള്ളയടക്കം ചർച്ച ചെയ്യപ്പെടും എന്നാണ് കരുതുന്നത്. ഭരണ തുടർച്ച ഉണ്ടാകുമോ എന്നത് എൻഎസ്എസിന്റെ വിഷയമല്ല. ആര് ഭരിക്കാൻ വന്നാലും എൻഎസ്എസിന് പറയാനുള്ളത് പറയും. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഐക്യം സിപിഎമ്മിന് വേണ്ടി എന്ന് പറയുന്നത് തെറ്റ്. വി എൻ വാസവൻ വിളിച്ചത് പരിചയം ഉള്ളത് കൊണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
