നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നാണ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിലയിരുത്തൽ. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോയാൽ അത് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ച് മണിക്കൂറുകൾക്കകമാണ് ഈ പിന്മാറ്റമെന്നതാണ് ശ്രദ്ധേയം.
ഇരുസമുദായ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതയും എസ്എന്‍ഡിപിയുമായി വിവിധ വിഷയങ്ങളില്‍ യോജിപ്പുണ്ടെന്നും ജി സുകുമാരന്‍ നായര്‍ ജനുവരി 21ന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് പറഞ്ഞത്. എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം വന്നത്.
advertisement
ഇത് മൂന്നാം തവണയാണ് ഇരു സംഘടനകളും തമ്മിലുള്ള ഐക്യശ്രമം ഉണ്ടാകുന്നതും പരാജയപ്പെടുന്നതും.
ഐക്യശ്രമങ്ങൾ ഉപേക്ഷിക്കാനുള്ള ഡയറക്ടർ ബോർഡ് തീരുമാനം തിങ്കളാഴ്ച എൻ.എസ്.എസ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
സംഘടനയുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും എല്ലാ പാർട്ടികളോടും തുല്യഅകലം പാലിക്കുന്ന 'സമദൂര' നയം തന്നെ തുടരുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പത്രക്കുറിപ്പ്:
പല കാരണങ്ങളാലും പല തവണ എൻഎസ്എസ്-എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻഎസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എൻഎസ്എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എൻഡിപിയോടും സൗഹാർദത്തിൽ വർത്തിക്കാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു.
