രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധന നടപടികൾ കൂടുതൽ സുഗമമാക്കാൻ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ. എ. എസിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നു. നിലവിലെ ആർ. ടി. പി. സി ആർ പരിശോധന സൗകര്യങ്ങൾക്കു പുറമേ റാപ്പിഡ് പി. സി. ആർ പരിശോധന സൗകര്യവും വ്യാഴാഴ്ച മുതൽ സിയാലിൽ ഉണ്ടാകും.
ഒരേസമയം 350 പേർക്ക് ആർ. ടി. പി സി ആറും 350 പേർക്ക് റാപിഡ് പി. സി. ആറും പരിശോധന നടത്താൻ സൗകര്യമുണ്ടാകും. റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന മുഴുവൻ യാത്രക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം പേർക്കും ആണ് പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് പോകാം. ആർ. ടി. പി. സി. ആർ പരിശോധനാഫലം ലഭ്യമാക്കാൻ അഞ്ചുമണിക്കൂർ എടുത്തേക്കും. ഈ സമയം യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക ഹോൾഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.
advertisement
പരിശോധനകൾക്കായി മൂന്നു ഏജൻസികളെ സിയാൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് പരിശോധനകൾക്കും സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഏത് പരിശോധന വേണമെന്ന് യാത്രക്കാർക്ക് തീരുമാനിക്കാം. പരിശോധനകളെ കുറിച്ചുള്ള വിവരങ്ങൾ വിമാനത്തിനുള്ളിൽ തന്നെ യാത്രക്കാരെ അറിയിക്കും. റിസ്ക് വിഭാഗത്തിൽ നിന്നുള്ള യാത്രക്കാർക്കായി പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകൾ തുറക്കും. പരിശോധനാ ഹാളിൽ ഇവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹോൾഡിങ് ഏരിയയിൽ ലഘു ഭക്ഷണശാല തുറക്കും.
എയർപോർട്ട് ഡയറക്ടർ എ. സി. കെ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ എം. ഷബീർ, ഓപ്പറേഷൻസ് ജനറൽ മാനേജർ സി. ദിനേശ് കുമാർ, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ വി. ജയശ്രീ, നോഡൽ ഓഫീസർ ഡോക്ടർ എം. എം. ഹനീഷ് , എയർലൈൻസ് ഓപ്പറേറ്റർ കമ്മിറ്റി ചെയർപേഴ്സൺ ശർമിള ടോംസ്, സി. ഐ. എ. എസ്. എഫ് കമന്റ്ഡന്റ് സുനിത് ശർമ്മ,വിമാനത്താവളത്തിലെ വിവിധ ഏജൻസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കോവിഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്‍റീൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം.