TRENDING:

ഉമ്മൻ ചാണ്ടി വീണ്ടും നേതൃത്വത്തിൽ; തീർന്നോ കോൺഗ്രസിലെ പ്രതിസന്ധി

Last Updated:

ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ട് നിയോഗിക്കുമ്പോൾ അതിനൊരു മറുതലം കൂടിയുണ്ട്. പ്രതിപക്ഷ നേതാവായി ഇതുവരെ മുന്നിൽ നിന്ന് നയിച്ച രമേശ് ചെന്നിത്തല രണ്ടാമനായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം മാറി നിന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് ഹൈക്കമാണ്ട് തന്നെ തലപ്പത്തേക്ക് മടക്കി കൊണ്ടു വന്നിരിക്കുന്നു. അതും പാർട്ടിയെ രക്ഷിക്കാൻ. എ ഗ്രൂപ്പ് ആഗ്രഹിച്ചത് ഹൈക്കമാണ്ട് താലത്തിൽ വച്ചു നൽകി. തദ്ദേശതിരഞ്ഞെടുപ്പ് അതിന് നിമിത്തമായി. കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കാനായി സംസ്ഥാന നേതാക്കൾ ഡൽഹിയിൽ നടത്തിയ ചർച്ച തുടക്കത്തിലേ ഉമ്മൻചാണ്ടിയിലേക്ക് ചുരുങ്ങിയിരുന്നു.
advertisement

ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് മടക്കി കൊണ്ട് വരണം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സമിതി വേണം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്ന ആവശ്യങ്ങളായിരുന്നു ഇത്. ഈ ആവശ്യങ്ങളാണ് ഹൈക്കമാണ്ട് അംഗീകരിച്ചത്. സമിതി അംഗമായി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കൂടി എത്തുന്നതോടെ സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും ശക്തി കേന്ദ്രങ്ങളും വീണ്ടും മാറുമോ?

ഇനി രണ്ടാമൻ?

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ നയിക്കാൻ ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ട് നിയോഗിക്കുമ്പോൾ അതിനൊരു മറുതലം കൂടിയുണ്ട്. പ്രതിപക്ഷ നേതാവായി ഇതുവരെ മുന്നിൽ നിന്ന് നയിച്ച രമേശ് ചെന്നിത്തല രണ്ടാമനായി എന്ന് കൂടിയാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഘടകകക്ഷികളും തീരുമാനത്തെ പിന്തുണച്ചു. ഔദ്ദ്യോഗിക പ്രഖ്യാപനത്തിന് അവർ കാത്തു നിന്നത് പോലുമില്ല. പരാതി പറയാതെ അംഗീകരിക്കുകയല്ലാതെ മറ്റു മാർഗം ഐ ഗ്രൂപ്പിനുമില്ല. പക്ഷെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഈ ഐക്യത്തിന്റെ താളം തെറ്റുമോ? തെറ്റാതിരിക്കണമെങ്കിൽ ഈ കമ്മിറ്റിയിൽ ആരൊക്കെ വേണം എന്നത് കൂടി തീരുമാനിച്ച് വേണം മടങ്ങാൻ. മുതിർന്ന നേതാക്കളുണ്ട്. എംപിമാരുണ്ട്. ഗ്രൂപ്പ് സമവാക്യം നിലനിറുത്തേണ്ടതുമുണ്ട്. സമിതി അംഗത്വത്തിന്റെ പേരിലാകും തിരിച്ചെത്തിയാലുടൻ കലഹം. അതു പരിഹരിക്കാൻ വീണ്ടും നടത്തേണ്ടി വരും ഡൽഹി യാത്ര.

advertisement

Also Read കോൺഗ്രസിനെ ഉമ്മന്‍ ചാണ്ടി നയിക്കും; തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാക്കി ഹൈക്കമാൻഡ്

മുഖ്യമന്ത്രി സ്ഥാനാർത്ഥി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരേയും ഉയർത്തി കാട്ടുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായിരുന്നു ഇതുവരെ സ്വാഭാവിക സ്ഥാനാർത്ഥി. ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് എത്തുന്നതോടെ അക്കാര്യത്തിലും മാറ്റം വരും. ഉമ്മൻ ചാണ്ടി മുന്നിൽ നിന്ന് നയിച്ച് കോൺഗ്രസിനെ വിജയിപ്പിച്ചാൽ ഏക അവകാശിയെന്ന വാദവും ഉയരും. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ആലോചന നടത്തിയിട്ടില്ലെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കേണ്ടി വരും. മുമ്പ് എ ഗ്രൂപ്പിന്റെ മുഖ്യപോരാളിയായിരുന്ന ബെന്നി ബഹനാൻ ഇപ്പോൾ കൊച്ചി വിട്ട് അങ്കമാലിയിലാണ് താമസം. കൊച്ചിയിൽ നിന്ന് അങ്കമാലിയിലേക്ക് പോയതിനെക്കാൾ ദൂരത്തിലാണ് എ ഗ്രൂപ്പ് നേതൃത്വത്തിൽ നിന്ന് ഇപ്പോൾ ബെന്നി ബഹനാനെന്ന് ഗ്രൂപ്പ് നേതാക്കൾ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ കാര്യങ്ങൾ മാറും.

advertisement

കേരള യാത്രയുടെ "ഐശ്വര്യം"

ഈ മാസം 31 മുതൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്, മുഴുവൻ മണ്ഡലങ്ങളും നിറഞ്ഞ് പ്രതിപക്ഷ നേതാവ് ഐശ്വര്യ കേരള യാത്ര നടത്തുകയാണ്. ഡൽഹി ചർച്ചയ്ക്ക് മുമ്പ് നിശ്ചയിച്ച യാത്ര മുടക്കമില്ലാതെ നടക്കും. എന്നാൽ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ പുതിയ സമിതിയും അതിന് പുതിയ നേതൃത്വവും വന്ന സാഹചര്യത്തിൽ ഈ യാത്രയ്ക്ക് നിശ്ചയിച്ചപ്പോഴുണ്ടായിരുന്ന "ഐശ്വര്യം" ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. ഭൂരിപക്ഷം സ്ഥാനാർത്ഥികളും ചെറുപ്പക്കാരായിരിക്കുമെന്നാണ് ഡൽഹി ചർച്ചയ്ക്ക് ശേഷം എ.കെ.ആന്റണി പ്രഖ്യാപിച്ചത്. ഭൂരിപക്ഷമെന്നതിന് ശേഷം ബഹുഭൂരിപക്ഷം മഹാഭൂരിപക്ഷം തുടങ്ങിയ പ്രയോഗങ്ങൾ ഇനിയുമുണ്ട് എന്നതിനപ്പുറം കോൺഗ്രസിൽ ഇത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നവർ കുറവാണ്. രാഹുൽ ഗാന്ധിയുടെ പ്രതാപകാലത്ത് നടത്താൻ കഴിയാത്ത ഈ നിർദ്ദേശം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ തന്നെ മുതിർന്ന നേതാക്കളും ചെറുപ്പക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവയ്ക്കുക.

advertisement

ഡിസിസി പ്രസിഡണ്ടുമാർക്ക് സ്വയം വിരമിക്കാൻ അവസരം

കനത്ത പരാജയം ഉണ്ടായ ഡിസിസികളിൽ മാറ്റം എന്നതായിരുന്നു കേരളത്തിലെ ചർച്ചകളിലുണ്ടായ മറ്റൊരു തീരുമാനം. ഡൽഹി തണുപ്പിൽ ആ തീരുമാനത്തിന്റെ ചൂടാറി. ആരേയും പിടിച്ചു പുറത്താക്കേണ്ടിതല്ലെന്നായി. പകരം സ്വയം വിരമിക്കാൻ അവസരമൊരുക്കും. അങ്ങനെ സ്വയം വിരമിക്കുന്നവരിൽ ചിലർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റു നൽകും. അതായത് പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ കഴിയാത്തവർക്ക് സ്വയം വിജയിച്ച് കഴിവ് തെളിയിക്കാൻ ഒരവസരം. അതാണ് കോൺഗ്രസിന്റെ ഗ്രൂപ്പ് ജനാധിപത്യം. മത്സരിക്കാൻ അവസരം ലഭിക്കാത്തവർക്ക് കെപിസിസി സ്ഥാനം എന്നതാണ് മറ്റൊരു ശിക്ഷ.

advertisement

ജില്ലയിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ പരാജയപ്പെട്ടവർ കെപിസിസിയിലിരുന്ന് സംസ്ഥാനത്തെ പാർട്ടിയെ നയിക്കട്ടെ. കെപിസിസിയിലെ ആൾകൂട്ടത്തിൽ ഒന്നോ രണ്ടോ പേർ കൂടി കൂടിയാൽ എന്താണ് കുഴപ്പമെന്നാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാക്കൾ ചോദിക്കുന്നത്. അടുത്ത ഒരു തവണ കൂടി കേരളത്തിൽ ഭരണം ലഭിക്കാതിരുന്നാൽ കോൺഗ്രസിന് എന്ത് സംഭവിക്കും ? ബംഗാളിൽ സിപിഎമ്മിന് സംഭവിച്ചത് സംഭവിക്കുമെന്ന് ആശങ്കപ്പെടുന്നവർ കുറവല്ല. നേതാക്കൾ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പോടെ അണികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടി വീണ്ടും നേതൃത്വത്തിൽ; തീർന്നോ കോൺഗ്രസിലെ പ്രതിസന്ധി
Open in App
Home
Video
Impact Shorts
Web Stories