‘കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ നിയമസഭയ്ക്കുള്ളില്‍ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കിയില്ല. സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ബാങ്കുകള്‍ മുന്‍കൂറായി കര്‍ഷകര്‍ക്ക് നല്‍കുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കര്‍ഷകനെ സിബില്‍ റേറ്റിങില്‍ ഉള്‍പ്പെടുകയും ചെയ്യും.
Also Read- സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി
advertisement
സിബില്‍ സ്‌കോര്‍ കുറയുന്നതിനാല്‍ ഒരു ബാങ്കില്‍ നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ കര്‍ഷകരെ എത്തിച്ചിരിക്കുകയാണ്. കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്. ആത്മഹത്യാ കുറിപ്പിലും പ്രസാദ് സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്’- വി.ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയനാകമായ ധനപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്‍ക്ക് അടിമാലിയില്‍ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.