'വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇങ്ങനെയൊരു വ്യക്തി വന്നാൽ കേരളത്തിലെ ബിജെപിക്ക് വളരെയധികം വളർച്ചയുണ്ടാകും. അദ്ദേഹം ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ്. അതുമാത്രവുമല്ല, ഗ്രൂപ്പിസം കളിക്കാൻ പറ്റിയ ഒരാളല്ല രാജീവ് ചന്ദ്രശേഖർ. നല്ല കാര്യങ്ങൾ നല്ലതെന്നും മോശമായവ മോശമെന്നും പറയുന്ന ആളാണ്.'- പദ്മജ വേണുഗോപാൽ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി വരണമെന്ന് മനസിലുണ്ടായിരുന്നു. അത് കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. പ്രൊഫഷണലായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൂടിയാണ്. പാവങ്ങളുടെ വിഷമം മനസിലാക്കാനുള്ള കഴിവുണ്ട്. സുരേന്ദ്രനെ കഴിവില്ലാത്തത് കൊണ്ടല്ല മാറ്റിയത്. അദ്ദേഹത്തിന് നല്ല കഴിവുണ്ട്. അദ്ദേഹത്തിന് എല്ലാ സപ്പോർട്ടുമുണ്ടാകുമെന്ന് പദ്മജ വ്യക്തമാക്കി.
advertisement
ഇന്ന് നടന്ന ബിജെപി കോർകമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദേശിച്ചത്. തിങ്കളാഴ്ചയാകും ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെയാണ് സ്ഥാനമൊഴിയുന്നത്.