അടുത്ത കാലത്ത് പല ഇടവകകളിലും ഇത്തരം തന്ത്രവുമായി ചിലർ രംഗത്തിറങ്ങിയതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിഷപ് ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകിയത്.
ഇടവകയിലെ വൈദികരെ അഭിസംബോധന ചെയ്തു കൊണ്ടാണ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലർ അയച്ചിരിക്കുന്നത്. ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഈ പകർപ്പ് കൈമാറണമെന്ന് പാലാ ബിഷപ്പ് ആവശ്യപ്പെടുന്നു.
സർക്കുലർ തുടങ്ങുന്നത് ഇങ്ങനെ. "നമ്മുടെ കുടുംബാംഗങ്ങളുടെ സത്വരശ്രദ്ധ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന കാര്യം അറിയിക്കട്ടെ. നമ്മുടെ പെൺകുട്ടികളെ കെണിയിൽ പെടുത്തുവാൻ ചില വിഭാഗങ്ങളും ഗ്രൂപ്പുകളും വിവിധ തന്ത്രങ്ങളുമായി രംഗത്തുള്ള വിവരം അറിയാമല്ലോ. അടുത്തകാലത്തായി ഇവർ പുതിയൊരു തന്ത്രം ഇറക്കിയിരിക്കുന്നു എന്നുപറഞ്ഞാണ് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിഷയം വൈദികർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
advertisement
വൈദികൻ എന്ന വ്യാജേന ഇടവകയിൽ കൂടുതൽ അംഗീകരിക്കപ്പെടുന്ന, പ്രാദേശിക ജനപ്രതിനിധികൾ അടക്കമുള്ള സ്ത്രീകളെയാണ് തട്ടിപ്പുകാർ ആദ്യം വിളിക്കുന്നത്. ഞാൻ ഇവിടുത്തെ പഴയ വികാരി ആണ് എന്നു പറഞ്ഞാണ് ഇവരെ ഫോൺ വിളിക്കുന്നത്. എന്നിട്ട് അവർക്കു സുപരിചിതനായ ഒരു പഴയ വികാരിയുടെ പേരും പറയും.ചിലരോട് താൻ ഇവിടുത്തെ പഴയ അസിസ്റ്റന്റ് വികാരി ആണെന്നും മനസിലായില്ലേയെന്നും ചോദിക്കും. എന്നിട്ട് അവരെക്കൊണ്ട് ഏതെങ്കിലും ഒരു അച്ചന്റെ പേര് പറയിക്കുകയും ആ ആളാണ് താനെന്നു സന്തോഷത്തോടെ അംഗീകരിക്കുകയുംചെയ്യും. ഇതിനു ശേഷമാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം എന്ന് ബിഷപ്പ് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
താൻ ഇപ്പോൾ ജർമനിയിൽ അല്ലെങ്കിൽ ഏതെങ്കിലും വിദേശ രാജ്യത്തു പെട്ടെന്ന് ഏതാനും പേരോടൊപ്പം പഠനത്തിനായി പോന്നതാണെന്നും ഫോൺ എടുക്കുന്ന ആളുകളെ വിശ്വസിപ്പിക്കും.
നാളെ അത്യാവശ്യമായി ഒരു പേപ്പർ അവതരിപ്പിക്കണമെന്നും അതിന്റെ വിവരങ്ങൾ ശേഖരിക്കാൻ യുവതികളായ ഏതാനും പെൺകുട്ടികളുടെ പേരും ഫോൺ നമ്പർ നൽകാനും ആവശ്യപ്പെടും. ഇത് ഉടൻ നൽകണമെന്നും അഞ്ചു മിനിറ്റിനു ശേഷം താൻ അവരെ വിളിക്കുമെന്നും ഇക്കാര്യം അവരോടു പറയണമെന്നും നിർദേശിക്കും.
സത്യസന്ധത, മാതൃ-പുത്രീ ബന്ധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനാണെന്നും പറയും. വളരെ തിരക്കിട്ടായിരിക്കും ഈ സംസാരമൊക്കെ. തനിക്കു പരിചയമുള്ള വൈദികന്റെ സ്വരം ഇതല്ലല്ലോ എന്നെങ്ങാനും ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ജർമനിയിലെ/ വിദേശ രാജ്യത്തെ മഞ്ഞും തണുപ്പും കാരണമാണ് ശബ്ദവ്യതിയാനമെന്നു വിശ്വസിപ്പിക്കും.
ഇങ്ങനെ കരസ്ഥമാക്കിയ ഫോൺ നമ്പറുകൾ ഉപയോഗിച്ചു ചില പെൺകുട്ടികളെ വിളിക്കുകയും പിന്നീട് സംസാരം മറ്റു വഴിക്കു തിരിയുകയും ചെയ്തതോടെയാണ് ഇതു പ്ലാൻ ചെയ്തുള്ള കെണിയാണെന്നു വ്യക്തമായത്. വൈദികർ എന്ന വ്യാജേന വിളിക്കുന്ന ഗൂഢസംഘങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്നു ബിഷപ്പ് അയച്ച സർക്കുലർ ഓർമിപ്പിക്കുന്നു. ഏതായാലും ഏതു വിഭാഗത്തെ ഉദ്ദേശിച്ചാണ് സർക്കുലർ എന്ന് വ്യക്തമല്ല.
സംഭവത്തിൽ നിയമപ്രകാരം പൊലീസ് നടപടി സ്വീകരിച്ചോ എന്നും സർക്കുലറിൽ പറയുന്നില്ല. ഫോൺ ചെയ്യുന്നതിനപ്പുറം പെൺകുട്ടികൾ പെട്ടിരിക്കുന്ന കെണിയെ കുറിച്ചും സർക്കുലറിൽ വിവരമില്ല. നേരത്തെ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ കത്തോലിക്കാ സഭ ഉയർത്തിയിരുന്നു. അതുമായി ഈ സർക്കുലർ ബന്ധമുണ്ടോ എന്നും ഇതിൽ വ്യക്തമല്ല.