അതേസമയം, മർദനമേറ്റ യാത്രക്കാരൻ ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പി റിപ്പോർട്ട് സമർപ്പിച്ചു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇയാളെ മാറ്റാൻ നിർദേശിച്ചത് ടിടിഇ ആയിരുന്നു. അതേസമയം, യാത്രക്കാരനെ മർദിച്ചത് തെറ്റായ നടപടി ആയിരുന്നെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. പോലീസ് നൽകിയ റിപ്പോർട്ട് റെയിൽവേ പോലീസ് എസ്പി ചൈത്ര തെരേസ ജോൺ പരിശോധിക്കും.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. ഇതേതുടർന്ന്, സംഭവം അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചിരുന്നു. മനുഷ്യ അന്തസ്സിന് മാന്യത കല്‍പ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രഥമദൃഷ്ടിയില്‍ വ്യക്തമാക്കുന്നതെന്നും ഇളങ്കോ കൂട്ടിച്ചേർത്തു.
advertisement
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന വ്യക്തിയെ, സ്ലീപ്പർ കംപാർട്ട്മെന്റിലേക്ക് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. യാത്ര ചെയ്യാൻ എടുത്ത ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാരൻ, യാത്രക്കാരൻ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ഇയാളെ പിന്നീട് വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.