TRENDING:

പത്തനംതിട്ടയോട് നന്ദി പറഞ്ഞ് പി ബി നൂഹ്; പ്രിയപ്പെട്ട കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖത്തിൽ ജനങ്ങള്‍

Last Updated:

ജില്ലാ കളക്ടർ പി.ബി. നൂഹ് പത്തനംതിട്ടയോട് നന്ദി പറഞ്ഞ് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളിലെല്ലാം നിഴലിച്ചത് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും തന്നെ. നന്ദിയും ആശംസകളും നേർന്ന് പതിനായിരത്തോളം പേരാണ് കമന്റിട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന ജില്ലാ കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. ജില്ലാ കളക്ടർ പി.ബി. നൂഹ് പത്തനംതിട്ടയോട് നന്ദി പറഞ്ഞ് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളിലെല്ലാം നിഴലിച്ചത് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും തന്നെ. നന്ദിയും ആശംസകളും നേർന്ന് പതിനായിരത്തോളം പേരാണ് കമന്റിട്ടത്. 'മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.'-എന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്.
advertisement

കളക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്‍റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു. പുതിയ പദവിയിലേക്ക് പോകുന്ന നൂഹിന്  ആശംസകളും അര്‍പ്പിക്കുന്നു.

Also Read- തണുത്തുറഞ്ഞ് ദാൽ തടാകം; 30 വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

മഹാപ്രളയത്തിന് മുന്നിൽ എന്തു ചെയ്യണമെന്ന് അറിയാതെ നാട് വിറങ്ങലിച്ചുനിന്നപ്പോൾ കൈപിടിക്കാൻ കളക്ടർ ഒപ്പമുണ്ടായിരുന്നു. എല്ലായിടത്തും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

advertisement

ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമയത്തും ലോക്ക് ഡൗണ്‍ കാലഘട്ടത്തിലുമുള്ള പ്രവര്‍ത്തനങ്ങളാണ് പി ബി നൂഹിനെ ജനകീയനാക്കിത്. ശബരിമലയിലെ യുവതീപ്രവേശന വിധി വന്നശേഷം പലയിടത്തും പ്രതിഷേധം ആളിക്കത്തിയപ്പോഴും കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തി.

Also Read- ഇടതുസ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമോ?  ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി. തോമസ്

കേരളത്തിന്റെ അതിജീവനചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് കാലത്ത് കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയിൽ നാടൊന്നടങ്കം ഞെട്ടിയിരുന്നു. രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്ത് പി.ബി.നൂഹ് മുന്നിൽ നിന്നു. ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. പതിയെ ആശങ്ക വഴിമാറി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി.

advertisement

ലോക്ക്ഡൗണ്‍ കാലത്ത് ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് എത്തിച്ച കളക്ടര്‍ നൂഹിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അച്ചന്‍ കോവിലാര്‍ കാല്‍നടയായി മുറിച്ച് കടന്നായിരുന്നു ഭക്ഷണ സാധനങ്ങള്‍ എത്തിച്ചത്. കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ പതിവായി കാത്തിരിക്കുകയും ചെയ്തിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാൻ നാടിനെ ഒപ്പം ചേർക്കുന്നതിനാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയത്. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു.

advertisement

മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി ഇന്ന് അദ്ദേഹം ശബരിമലയിലുമെത്തും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടര്‍.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയോട് നന്ദി പറഞ്ഞ് പി ബി നൂഹ്; പ്രിയപ്പെട്ട കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖത്തിൽ ജനങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories