ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ വഴിത്തിരിവായത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലാണ്. പാലക്കാട് ജില്ലാ സമ്മേളന കാലത്തുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി ആഗസ്റ്റ് 14നാണ് വനിതാ നേതാവ് സംസ്ഥാന ഘടകത്തിന് പരാതി നൽകിയത്. നടപടി ഇല്ലാത്തതിനെ തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പിബി അംഗം ബൃന്ദാ കാരാട്ടിനും കത്തയച്ചു. യച്ചൂരി പരാതി സംസ്ഥാന നേതൃത്വത്തിന് അയച്ചതോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കുകയും ചെയ്തു.
advertisement
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ പ്രതികരണം ഇതേ തുടർന്നായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന് ശേഷമാണ് തുടർനടപടികൾ ഉണ്ടായത്. പല തവണ മൊഴിയെടുത്തിട്ടും അന്വേഷണ റിപ്പോർട്ട് നൽകുന്നത് വീണ്ടും വൈകി. തുടർന്ന് നവംബർ ആദ്യം യുവതി ശശിയുടെ ഫോണ് സംഭാഷണം സഹിതം സീതാറാം യെച്ചൂരിക്ക് വീണ്ടും പരാതി നൽകി. ഈ പരാതിയും യച്ചൂരി സംസ്ഥാന നേതൃത്വത്തിന് അയച്ച് ഇടപെടൽ ആവശ്യപ്പെട്ടു. ഇതോടെയാണ് വേഗത്തിൽ തീരുമാനമെടുക്കാൻ പാർട്ടിയിൽ സമ്മർദ്ദം ശക്തമായത്.