കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ ബികോം പഠിക്കാൻ ചേർന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കിൽ നടപടി ഉണ്ടാകുമെന്നും ആർഷോ പ്രതികരിച്ചു. സർട്ടിഫിക്കറ്റിന്റെ ആധികാരികത എസ്എഫ്ഐ പരിശോധിക്കും. തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. എസ്എഫ്ഐക്കെതിരെ ഉയരുന്നത് ആരോപണങ്ങൾ മാത്രമാണ്. ഇത് പടച്ചു വിടുന്നവർക്ക് സംഘടനയെ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളതെന്നും ആർഷോ പ്രതികരിച്ചു.
Also Read- ഒരേസമയം രണ്ട് സർവകലാശാലകളിൽ ബിരുദ പഠനം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം; നേതാവിന് സ്ഥാനചലനം
advertisement
നിലവിൽ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. നിഖിൽ തോമസ് 2017-2020 കാലഘട്ടത്തിലാണ് കായംകുളം എംഎസ്എം കോളേജില്‍ ബികോം പഠിച്ചത്. എന്നാൽ പാസായില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി എംഎസ്എമ്മിൽ ഡിഗ്രിക്ക് പഠിച്ച അതേ കാലയളവിൽ (2018-2021) കലിംഗ സര്‍വകലാശാലയിൽ പഠിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. കലിംഗയിലെ ബിരുദ സർട്ടിഫിക്കറ്റിന് കേരള സർവകലാശാല അംഗീകാരം നല്‍കിയിട്ടുമില്ല.
ഒരേ സമയത്ത് രണ്ട് സർവകലാശാലകൾക്ക് കീഴിൽ എങ്ങനെ കായംകുളത്തും കലിംഗയിലും ഡിഗ്രിക്ക് പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. രേഖാമൂലം തെളിവ് സഹിതമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെൺകുട്ടി പരാതി നൽകിയത്.
Also Read- വിദ്യ 12ാം ദിവസവും ഒളിവിൽ; മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍
മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. പരാതിക്കാരി കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമാണ്. ആലപ്പുഴയിൽ ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ നിഖിലിനെ വിളിച്ചു വരുത്തി പരാതി ചർച്ച ചെയ്തത്. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖിൽ ഉന്നയിച്ചത്. തുടര്‍ന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്. സംഭവത്തിൽ പാർട്ടി തലത്തിലും അന്വേഷണമുണ്ടാകും.