ഒട്ടനവധി തെരഞ്ഞെടുപ്പ് കേസുകൾ നാം കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു 2004ലെ മൂവാറ്റുപുഴ തെരഞ്ഞെടുപ്പ് കേസ്. അതിശക്തമായ ത്രികോണ മത്സരം കണ്ട മൂവാറ്റുപുഴ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 529 വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി തോമസ്, ഇടതുമുന്നണിയിലെ പി.എം ഇസ്മയിലിനെ തോൽപ്പിച്ചത്. വോട്ടെണ്ണൽവേളയിൽ ഫലം മാറിമറിഞ്ഞ മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയപ്രവർത്തകരെ മുൾമുനയിൽനിർത്തി. 33 വോട്ടുകൾക്ക് പി.എം ഇസ്മയിൽ ജയിച്ചുവെന്ന് ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് പോയതോടെ ഇടതുമുന്നണി പ്രവർത്തകർ വിജയാഹ്ലാദവുമായി തെരുവിലിറങ്ങി. എന്നാൽ ആ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. പി.സി തോമസ് 529 വോട്ടുകൾക്ക് ജയിച്ചുവെന്ന അന്തിമഫലം വൈകാതെ പുറത്തുവന്നു. ഇടതുമുന്നണിക്കും സ്ഥാനാർഥിക്കും മനസ് കൊണ്ട് അംഗീകരിക്കാനാകാത്ത ഫലപ്രഖ്യാപനമായിരുന്നു അത്. അതുകൊണ്ടുതന്നെ പി.സി തോമസിന്‍റെ വർഗീയ പ്രചരണത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
advertisement
'കിണറ്റില്‍' നിന്ന് ഉയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍
തെരഞ്ഞെടുപ്പ് പ്രചരണം കത്തിനിന്ന സമയത്ത് മൂവാറ്റുപുഴ മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരെ സ്വാധീനിക്കുന്നതരത്തിൽ പി.സി തോമസ് മതവികാരം ചൂഷണം ചെയ്തുവെന്ന് ആരോപിച്ചാണ് പി.എം ഇസ്മയിൽ ഹൈക്കോടതിയില്‍ ഹർജി നൽകിയത്. കത്തോലിക്കാ കോണ്‍ഗ്രസ് നേതാവ് ജോണ്‍ കച്ചിറമറ്റത്തിന്‍റെ പേരിൽ പുറത്തിറക്കിയ ലഘുലേഖയും മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്ത കലണ്ടറുമാണ് ഇസ്മായില്‍ തെളിവായി ഹൈക്കോടതിയിൽ ഹാജരാക്കിയത്. മതവികാരം ചൂഷണം ചെയ്യുന്നതരത്തിൽ ലഘുലേഖയും കലണ്ടറും പുറത്തിറക്കിയത്. പി.സി. തോമസിന്റെയും തെരഞ്ഞെടുപ്പ് ഏജന്റിന്റെയും അറിവോടും സമ്മതത്തോടുമാണെന്ന് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതായി ഹൈക്കോടതി വിചാരണവേളയിൽ പറഞ്ഞിരുന്നു. എന്നാൽ കത്തോലിക്ക കോൺഗ്രസ് ഒരു മതസംഘടനയാണെന്നും, അവർ നോട്ടീസ് പ്രചരിപ്പിക്കുന്നതിൽ ഉത്തരവാദിത്വം ഇല്ലെന്നുമായിരുന്നു പി.സി തോമസിന്‍റെ വാദം. പക്ഷേ ഈ വാദം മുഖവിലയ്ക്കെടുക്കാതിരുന്ന ഹൈക്കോടതി, വർഗീയ പ്രചരണം ഇല്ലായിരുന്നുവെങ്കിൽ പി.എം ഇസ്മയിലിന് വിജയിക്കാനാകുമെന്ന് നിരീക്ഷിച്ചു.
ഏറെക്കാലത്തെ വാദത്തിനൊടുവിൽ പി.സി തോമസിനെ മൂന്നുമാസത്തേക്ക് അയോഗ്യനായി പ്രഖ്യാപിച്ച ഹൈക്കോടതി, പി.എം ഇസ്മയിലിനെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷേ അനുകൂല വിധി ലഭിച്ചെങ്കിലും ഒരുദിവസം പോലും പാർലമെന്‍റ് അംഗമായി ഇരിക്കാനുള്ള ഭാഗ്യം പി.എം ഇസ്മയിലിന് ലഭിച്ചില്ല. ഹൈക്കോടതി വിധിക്കെതിരെ പി.സി തോമസ് സുപ്രീം കോടതിയെ സമീപിച്ചു. വിശദമായ വാദം കേൾക്കാൻ സാവകാശം വേണമെന്ന തോമസിന്‍റെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ വിശദമായ വാദത്തിനൊടുവിൽ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഇതോടെ മൂവാറ്റുപുഴ മണ്ഡലത്തിൽ വിജയിയായി മാറിയെങ്കിലും ലോക്‌സഭയിലേക്ക് പോകാൻ പി.എം ഇസ്മയിലിന് സാധിച്ചില്ല. ലോക്‌സഭയുടെ കാലാവധി തീർന്നതാണ് പി.എം ഇസ്മയിലിന് വിനയായി മാറിയത്. അതോടെ ഒരുദിവസം പോലും ജനങ്ങളെ സേവിക്കാനാകാത്ത തോറ്റു ജയിച്ച എം.പിയായി അദ്ദേഹം അറിയപ്പെട്ടു.
ഒരുപാട് പ്രത്യേകതകളുള്ള മൂവാറ്റുപുഴ ലോക്സഭാ തെരഞ്ഞെടുപ്പ്
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയമാണ് 2004ലെ മൂവാറ്റുപുഴ ലോക്സഭാ തെരഞ്ഞെടുപ്പ്. കേരളത്തിൽ ആദ്യമായി എൻഡിഎ ജയിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു മൂവാറ്റുപുഴയിലേത്. കൂടാതെ കേരളത്തിലെ വിജയ മാർജിൻ ഏറ്റവും കുറഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇത്. കൂടാതെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ അപരൻമാർ പിടിച്ച വോട്ടിലുമുണ്ട് കൗതുകം. പി.സി തോമസിന്‍റെ അപരൻമാരായിരുന്നു പി.സി തോമസ് പീടിയാക്കലും, പി.സി തോമസ് പഴിയാങ്കലും ചേർന്ന് 5200ഓളം വോട്ടുകളാണ് പിടിച്ചത്. ഇടത് സ്ഥാനാർഥിയുടെ അപരൻമാരായ എ.എം ഇസ്മയിലും പി.എ ഇസ്മയിലും ചേർന്ന് 3250ഓളം വോട്ടുകൾ പിടിച്ചു. നേരിയ മാർജിനിൽ ഫലം നിർണയിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അപരൻമാർ നേടിയ വോട്ടുകളും അന്ന് വലിയ ചർച്ചയായി മാറിയിരുന്നു.