'കിണറ്റില്‍' നിന്നുയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍

Last Updated:
#ലിജിന്‍ കടുക്കാരം
മലയാളത്തിലെ ഏറ്റവും ഗ്‌ളാമറുള്ള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് എംവി നികേഷ് കുമാറിനെ പരാജയപ്പെട്ട മറ്റൊരു രാഷ്ട്രീയക്കാരനാക്കി മാറ്റിയെന്നതായിരുന്നു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ചാനലില്‍ ചര്‍ച്ചകള്‍ക്കെത്തുന്നവരെ വെള്ളം കുടിപ്പിച്ചിരുന്ന നികേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിണറ്റില്‍ ഇറങ്ങിയതോടെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്കിരയാകപ്പെട്ട വ്യക്തിയായി. എന്നാല്‍ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ രാഷ്ട്രീയത്തില്‍ ധാര്‍മ്മികമായി വിജയിച്ചിരിക്കുകയാണ് നികേഷ് കുമാര്‍.
സിറ്റിങ്ങ് എംഎല്‍എയായ ഷാജിയെ നേരിടാന്‍ ഒരു കാലത്ത് കണ്ണൂരിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് സിപിഎമ്മിന്റെ എതിരാളിയുമായ എംവി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ് കുമാറിനെ സിപിഎം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതോടെ തന്നെ അഴീക്കോട് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. സിപിഎം വിട്ടതിനുശേഷം എംവി രാഘവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി 1987 ല്‍ ജയിച്ചതും പഴയ അഴീക്കോട് മണ്ഡലത്തില്‍ നിന്നായിരുന്നു.
advertisement
തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ മാധ്യമരംഗത്തേക്ക് തിരിച്ച് വന്നെങ്കിലും നികേഷ് കുമാറിന് പഴയ ഇമേജ് തിരിച്ച് പിടിക്കാന്‍ കഴിഞ്ഞില്ല. തന്റെ ചാനലായ റിപ്പോര്‍ട്ടര്‍ ടിവി പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഹൈക്കോടതിയുടെ അനുകൂലവിധി. എംവി രാഘവന്റെ ചരമ ദിനമായ നവംബര്‍ ഒമ്പതിനാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമിയായ നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതെന്നതാണ് കൗതുകകരം. കണ്ണൂരില്‍ എംവിആറിന്റെ അനുസ്മരണ ചടങ്ങില്‍ നികേഷ് കുമാര്‍ പങ്കെടുക്കവേയായിരുന്നു കോടതി വിധി വരുന്നത്.
advertisement
സാധാരണ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ നിന്നും തീര്‍ത്തും പ്രതികൂല കാലവസ്ഥയിലായിരുന്നു നികേഷ് കുമാര്‍ അഴിക്കോട് മണ്ഡലത്തില്‍ വോട്ട് തേടിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ചോര കൊണ്ട് അടയാളപ്പെടുത്തിയ 1994 നവംബര്‍ 25 ലെ കൂത്തുപറമ്പ് വെടിവെപ്പിന്റെ കാരണക്കാരനും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പുഷ്പനെ ജീവച്ഛവമാക്കുകയും അഞ്ച് ചെറുപ്പക്കാരുടെ ജീവനുകളുടെ ഉത്തരവാദിയുമെന്ന് ആരോപിക്കപ്പെടുന്ന എംവിആറിന്റെ മകനു വേണ്ടി പാര്‍ട്ടി വോട്ട് ചോദിക്കുന്നതും എതിരാളികള്‍ മണ്ഡലത്തില്‍ ആയുധമാക്കിയിരുന്നു. ഇതിനു പുറമേയായിരുന്നു നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ആരോപിക്കപ്പെട്ട ലീഗിന്റെ വര്‍ഗീയ കാര്‍ഡ്. 'അഴിക്കോടിന് ഇനി നല്ല വാര്‍ത്ത' എന്ന പേരുമായി മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ നികേഷ് കുമാറിനെ ട്രോളുകളിലൂടെ രാഷ്ട്രീയ എതിരാളികള്‍ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
advertisement
വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ഇരു മുന്നണികളും കളം നിറഞ്ഞ തെരഞ്ഞെടുപ്പില്‍ നികേഷ് കുമാറിനെ 2287 വോട്ടുകള്‍ക്കാണ് കെഎം ഷാജി പരാജയപ്പെടുത്തിയത്. എന്നാല്‍ ജാതി മത വര്‍ഗീയ പ്രചരണത്തിനെതിരായി നികേഷ് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം ശരിവയ്ക്കപ്പെട്ടത് നികേഷ് കുമാറിനും 'അഴീക്കോടിനും' നല്ല വര്‍ത്ത തന്നെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കിണറ്റില്‍' നിന്നുയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement