രാവിലെ പത്ത് മണിയോടെ മാർ തോമ പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് സുരക്ഷയൊരുക്കാൻ പൊലീസ് രംഗത്തെത്തിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജീവൻ വെടിയേണ്ടിവന്നാലും ഓർത്തഡോക്സുകാരെ പ്രാർഥന നടത്താൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചാണ് നൂറുകണക്കിന് യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഓർത്തഡോക്സ് റമ്പാന് സുരക്ഷ നൽകണമെന്ന് കോടതി വിധിയുണ്ടായിരുന്നു.
പിറവം പള്ളിയിൽ സംഘർഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ
വ്യാഴാവ്ച രാവിലെ പത്ത് മണിക്ക് മാർ തോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.കെ ബിജുമോന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവുമായി വരുന്ന റമ്പാന് സംരക്ഷണം ഒരുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. കോടതി വിധി പ്രകാരം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് പൂർണ്ണമായും വിട്ടുനൽകിയതാണെന്ന് പറയുമ്പോൾ, ഈ പള്ളി പണിതത് അന്ത്യോഖ്യൻ സിംഹാസനത്തിന് കീഴിലുള്ള യാക്കോബായ സുറിയാനി കൃസ്ത്യാനികൾക്ക് ആരാധന നടത്തുന്നതിനാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. ഈ പള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള യാക്കോബായ വിശ്വാസം പ്രകാരമുള്ള അനുഷ്ഠാനങ്ങൾ കോടതി വിധി മൂലം ഉപേക്ഷിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കുന്നു.
advertisement
