ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.
പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകിയതു മാത്രമാണ് ആകെ പ്രശ്നമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന എൽഡിഎഫിൽ വിവാദമുണ്ടാക്കിയിരുന്നു. അതേസമയം പോലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് രംഗത്തെത്തി. പൂരം നടത്തിയതിന് എഫ്.ഐ.ആർ ഇട്ട് ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു മതവിഭാഗത്തിന്റെ പേരിൽ ഇങ്ങനെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
advertisement
ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം നടത്താൻ ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടിയതിനുശേഷം കേസെടുക്കുക എന്നുപറയുന്നത് ലോകത്തെവിടെയും കേൾക്കാത്ത കാര്യമാണ്. ഇതിനുപിന്നിലെ ലക്ഷ്യമെന്താണെന്ന് അങ്ങനെ ചെയ്തവരോട് ചോദിക്കണം. പൂരം അലങ്കോലമായിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നു. പിന്നെങ്ങനെയാണ് എഫ്.ഐ.ആർ ഇട്ട് നടത്തിപ്പുകാരെ ഉപദ്രവിക്കുക? പൂരം കഴിഞ്ഞ് മാസം ഇത്രയായിട്ടും തങ്ങൾക്ക് ഒന്നിനുപിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ആര് എന്തന്വേഷണം നടത്തിയാലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.