കേരള ഹൗസ് റസിഡന്റ് കമ്മീഷണറെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി. ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യുഡിഎഫും എല്‍ഡിഎഫും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം നൽകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും 50:50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാ ല്‍മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതല്‍ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്.
ബൈപാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്നും എൽഡിഎഫ് അവകാശപ്പെടുന്നു.