കൊല്ലം 40 കഴിഞ്ഞു; കൊല്ലം ബൈപ്പാസിന്റെ വഴിമുടക്കി പിതൃത്വ തർക്കം
Last Updated:
# ആശ സുൾഫിക്കർ
കൊല്ലം : നാല് പതിറ്റാണ്ടുകൾക്കൊടുവിൽ കൊല്ലം ബൈപ്പാസ് പൂർത്തിയായപ്പോൾ റോഡിന്റെ പിതൃത്വത്തെ ചൊല്ലി പോര് മുറുകുന്നു. ഫെബ്രുവരി 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുവാൻ നിശ്ചയിച്ച ബൈപ്പാസ് എന്നാൽ അതിന് മുൻപ് തന്നെ പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കത്തിലാണ് ബിജെപി. എന്നാൽ യുഡിഎഫ് കൂടി ജനകീയ ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനം നടത്തിയതോടെ ബൈപ്പാസിനെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാവുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഉദ്ഘാടനം വൈകിക്കുന്നതെന്നാണ് ഇവരുടെ വാദം..
advertisement
ബൈപ്പാസ് വന്ന വഴി
1972 ൽ ടി.കെ ദിവാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കൊല്ലം ബൈപാസ് പദ്ധതി മുന്നോട്ട് വക്കുന്നത്. ഇതിന്റെ പലഘട്ടങ്ങൾ പല കാലയളവുകളിലായി പൂർത്തിയായി. മേവറം മുതൽ അയത്തിൽ വരെയുള്ള പാത 1993 ലും അയത്തിൽ-കല്ലുംതാഴം പാത 1999 ലുമായി പൂർത്തിയായി. ദേശീയപാത 47-നെ ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന സമാന്തര പാതയാണ് ഇപ്പോൾ അന്തിമഘട്ട നിർമ്മാണ ഘട്ടത്തിലുള്ളത്.
മാറി വന്ന സർക്കാരുകളും ബൈപ്പാസ് നിർമ്മാണവും
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്താണ് ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യപങ്കാളിത്തതോടെ റോഡ് നിർമ്മാണത്തിന് കേന്ദ്രം അനുമതി നൽകി. തുടർന്ന് പദ്ധതി പൂർത്തീകരണത്തിനായി ഒരു സ്വകാര്യ കമ്പനിയുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരാർ ഒപ്പിട്ടു. മുപ്പത് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. കേരള സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട കൊല്ലം ബൈപ്പാസിന് 352 കോടി രൂപയാണ് കണക്കാക്കപ്പെട്ടത്.
advertisement
മൂന്നാംഘട്ട ഉദ്ഘാടനവും പ്രഖ്യാപനങ്ങളും
ഉമ്മൻ ചാണ്ടി കേന്ദ്ര ഗതാഗതമന്ത്രിയായിരുന്ന നിതിൻ ഗഡ്കരിയുമായി ചേർന്ന് 2015 ഏപ്രിൽ 10ന് പദ്ധതിയുടെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വന്ന എൽഡിഎഫ് സർക്കാരും പദ്ധതിയുമായി മുന്നോട്ട് പോയി. എന്നാൽ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം മൂലം 2016 ൽ പാത നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു.2018 ആഗസ്റ്റിൽ നിർമ്മാണം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്‍ അറിയിച്ചു.2018 ആഗസ്റ്റോടെ റോഡ് കമ്മീഷൻ ചെയ്യുമെന്ന് കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും പ്രഖ്യാപിച്ചു.
advertisement
രാഷ്ട്രീയപ്പോര്
എംപിമാരായ എൻ.കെ പ്രേമചന്ദ്രനും പീതാംബരക്കുറുപ്പും അടക്കമുള്ളവർ ബൈപ്പാസ് നിർമ്മാണം ദ്രുതഗതിയിലാക്കാൻ സജീവ ഇടപെടൽ തന്നെ നടത്തിയിരുന്നു. നാല് പതിറ്റാണ്ടിനിപ്പുറം പദ്ധതി യാഥാർത്ഥ്യമായപ്പോഴാണ് പാർട്ടികൾ തമ്മിൽ രാഷ്ട്രീയ പോര് മുറുകിയിരിക്കുന്നത്.മറ്റൊരു വസ്തുത നാഷണൽ ഹൈവേ അതോറിറ്റിക്കും ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്നതാണ്. ബൈപ്പാസിനായി സ്ഥലം നൽകിയിരിക്കുന്നത് ഇവരാണ്.
എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ അവകാശം വാദം ഉന്നയിച്ച് തർക്കം മുറുകുമ്പോൾ ബിജെപി ജില്ലാ നേതൃത്വവും തിരക്കിട്ട ഇടപെടലുകളിലാണ്. ജനുവരി അവസാനത്തോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കാനാണ് ഇവരുടെ നീക്കം. കേരളത്തിലെ പ്രമുഖ മുന്നണികൾ തമ്മിൽ വിഷയത്തിൽ തർക്കം മുറുകുമ്പോൾ ബിജെപി ബൈപ്പാസിന്റെ ക്രെഡിറ്റ് സ്വന്തമാക്കുമോ അതോ തർക്കങ്ങൾക്കിടയിൽ ഉദ്ഘാടനം ഇനിയും നീളുമോ എന്ന് കണ്ടറിയാം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 10:30 AM IST