കേസ് നടത്തിപ്പുമായി പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറുടെയും പ്രോസിക്യൂഷൻ്റെയും നിലപാട്. ഇരയ്ക്ക് നീതി ലഭിക്കണമെങ്കിൽ നീതിപൂർവ്വമായ വിചാരണ ആവശ്യമാണെന്നും ഓർമ്മിപ്പിക്കുന്നു.
പ്രോസിക്യൂഷന് എതിരെ നടത്തിയ പരാമർശത്തിൻ്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിചാരണക്കോടതിയെ അറിയിച്ചു. ഈ കോടതിയിൽ വിചാരണ നടന്നാൽ ഇരയ്ക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്.
advertisement
ഈ ജഡ്ജിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. പ്രോസിക്യൂഷന് എതിരെ വന്ന അജ്ഞാതൻ്റെ കത്തും തുറന്ന കോടതിയിൽ ജഡ്ജി വായിച്ചു. പ്രോസിക്യൂട്ടർ ഇല്ലാത്ത സമയത്താണ് കത്ത് വായിച്ചത്. ഈ സമയത്തും അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രോസിക്യൂട്ടർക്കെതിരെ ഉണ്ടായതായും പരാതിയിൽ പറയുന്നു.
നീതിന്യായ വ്യവസ്ഥയിലെ വിശ്വാസവും സത്യസന്ധതയും ഒരിക്കലും നഷ്ടപ്പെടുന്നില്ല. അതേസമയം ഈ കോടതിയിൽ നിന്ന് ഇരയോ പ്രോസിക്യൂഷനോ അത് പ്രതീക്ഷിക്കുന്നില്ല. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ വിചാരണ ഇൻക്യാമറ ആക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടത് അംഗീകരിക്കുകയും ചെയ്തു.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ ഈ കോടതിയിലെ വിചാരണ അടിയന്തിരമായി നിർത്തിവയ്ക്കണം. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഇന്ന് നടത്താനിരുന്ന വിചാരണ കോടതി നിർത്തിവച്ചു. ഇന്ന് ഹാജരായ പത്ത് സാക്ഷികളോട് ഇനി ഹാജരാകേണ്ട തീയതി പിന്നീട് അറിയിക്കാമെന്നും അറിയിച്ചു.