ആദ്യഘട്ടത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചതോടെ സർക്കാർ നിലപാടിൽ അയവ് വരുത്തി. ഫെബ്രുവരി അഞ്ച് മുതൽ ഓഗസ്റ്റ് മൂന്നു വരെ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റ്കളുടെയും കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം പിഎസ്സിയോട് ശുപാർശ ചെയ്തു. ശുപാർശ പിഎസ്സി അംഗീകരിച്ചു. 493 തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഓഗസ്റ്റ് നാലുവരെ നീട്ടിയത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി എങ്കിലും കാര്യമായ നിയമനം നടന്നില്ല. ലോക്ക്ഡൗൺ കാലത്ത് ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ലോക്ക്ഡൗൺ നാളുകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇതോടെ ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പ്രമോഷൻ നടപടികൾ നീണ്ടുപോയി. ഇതോടെ ഒഴുവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
advertisement
വകുപ്പുകളിലെ പ്രമോഷൻ നടപടികൾക്കായുള്ള അപേക്ഷകൾ നൽകാൻ ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ നിരവധി കടമ്പകളാണ് ഉള്ളത്. പ്രമോഷൻ നടപടികളും ട്രാൻസ്ഫർ നടപടികളും സമയമെടുത്താണ് പൂർത്തിയാക്കുന്നത്. ഇത് പൂർത്തിയാക്കിയശേഷമാണ് ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിലവിൽ പ്രമോഷൻ നടപടികളും ട്രാൻസ്ഫർ നടപടികളും പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കും. അതുകൊണ്ടു തന്നെ നിലവിൽ ദീർഘിപ്പിച്ചിരിക്കുന്ന കാലാവധിക്കുള്ളിൽ ഉദ്യോഗാർഥികൾക്ക് പിഎസ്സിയിൽ നിന്നും നിയമനശുപാർശ ലഭിക്കില്ല.
അതിനാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടുത്ത മാസം നാലാം തീയതി അവസാനിക്കാനിരിക്കെ ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം മുട്ടട സ്വദേശി അരുണിമ അടക്കമുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്തിൽ ആയിരിക്കുന്നത്. എൽ.ഡി.സി. ഫിസിക്കലി ഹാൻഡി ക്യാപ്പ്ഡ് വിഭാഗത്തിലെ 19-ാം റാങ്ക്കാരിയാണ് ഇവർ. ശാരീരിക പരിമിതികളെ മറികടന്ന് മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷം 2018ലെ എൽഡിസി ലിസ്റ്റിൽ ഇടം പിടിച്ചു. പക്ഷേ മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നിയമന ശുപാർശ ലഭിച്ചിട്ടില്ല.
കഴിഞ്ഞ എൽ.ഡി.സി. റാങ്ക് ലിസ്റ്റിൽ നിന്നും 11,413 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 9423 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 46,285 ഉദ്യോഗാർത്ഥികളാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിലുള്ളത്. കഴിഞ്ഞ തവണ 11,455 പേർക്ക് നിയമനം ലഭിച്ച സ്ഥാനത്ത് നിലവിൽ 6613 നിയമനങ്ങളാണ് നടന്നത്.
പുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മാസങ്ങളെടുക്കും. അതിനാൽ നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യമാകും ഉടലെടുക്കുക. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് പിന്നാലെയുള്ള ഈ കാലയളവിൽ വളരെ കുറച്ച് നിയമനങ്ങൾ മാത്രമാണ് എൽഡിസി, എൽജിഎസ് റാങ്ക് ലിസ്റ്റുകളിൽ നിന്നും നടന്നിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വെറും 900 നിയമനങ്ങൾ മാത്രമാണ് എൽ.ജി.എസ്. റാങ്ക് ലിസ്റ്റിൽ നിന്നും നടന്നിട്ടുള്ളത്.
സാധാരണഗതിയിൽ 5000 പേർക്ക് വരെ നിയമന ശുപാർശ ലഭിക്കുന്ന സ്ഥാനത്താണ് വെറും 900 പേർക്ക് നിയമന ശുപാർശ ലഭിച്ചത്. എൽ.ഡി.സി. വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. എൽ.ഡി.സി. തിരുവനന്തപുരം പട്ടികയിൽ നിന്നും വെറും 184 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കിൽ അനിശ്ചിതത്വത്തിലാവുക. അതിനാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടണമെന്ന ആവശ്യമാണ് ഉദ്യോഗാർത്ഥികളുടെ ഭാഗത്തുനിന്നും ഉയരുന്നത്.