നഗരസഭയുടെ ഭരണം ആർക്കായിരിക്കണമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ നിലപാട് നിർണ്ണായകമായിരുന്നു. ബിനു പുളിക്കക്കണ്ടം, അദ്ദേഹത്തിന്റെ മകൾ ദിയ, സഹോദരൻ ബിജു എന്നിവർ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചാണ് വിജയിച്ചത്. 26 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 12 സീറ്റും യുഡിഎഫിന് 10 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളും മായാ രാഹുലും അടങ്ങുന്ന സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു.
വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം തന്റെ മകൾ ദിയയ്ക്ക് നൽകണമെന്ന ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യം യുഡിഎഫ് അംഗീകരിച്ചതോടെയാണ് സഖ്യത്തിന് വഴിയൊരുങ്ങിയത്. ഇതിന് പുറമെ തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മന്ത്രി വി.എൻ. വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥനും ബിനുവുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ യുഡിഎഫിനൊപ്പം നിൽക്കാനാണ് ബിനു പുളിക്കകക്കണ്ടം തീരുമാനമെടുത്തത്.
advertisement
