ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും പുതുപ്പള്ളിയിലെ ജനപ്രതിനിധിയുമായ നേതാവിന്റെ പേരാണ് പരിഗണനയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ ജെയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയെ എത്തിക്കാനുള്ള ശ്രമമാണ് അവസാന നിമിഷം നടക്കുന്നത്.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12ന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചുകഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം.
Also Read- സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
advertisement
ഉമ്മൻചാണ്ടിക്കെതിരെ മുമ്പ് മത്സരിച്ചിട്ടുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റുമായ റെജി സഖറിയ, കഴിഞ്ഞ രണ്ടുതവണയും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്സ് സി തോമസ്, സിപിഎം നേതാവും കർഷക സംഘം ജോയിന്റ് സെക്രട്ടറിയുമായ കെ എം രാധാകൃഷ്ണണൻ എന്നീ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്.
ഇതിനിടെയാണ് പൊതുസ്വതന്ത്രനെ പരിഗണിക്കുന്ന കാര്യം ചർച്ചയായത്. ചില സമുദായ നേതാക്കളുമായി ഇതു സംബന്ധിച്ച് സിപിഎമ്മിലെ ഉന്നതൻ ചർച്ച നടത്തിയെന്നാണ് വിവരം. ഉമ്മൻ ചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗത്തെ രാഷ്ട്രീയമായി എങ്ങനെ നേരിടാമെന്നാണ് സിപിഎം നോക്കുന്നത്. പുതുപ്പള്ളിയുടെ വികസന മുരടിപ്പും രാഷ്ട്രീയവും മാത്രം ചർച്ചയാക്കി പ്രചാരണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിപിഎം തീരുമാനം.
തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്നും ചരിത്രം അതാണെന്നും ജില്ലയുടെ ചുമതലയുള്ള സിപിഎം സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ വി എന്‍ വാസവന്‍ ഇന്ന് പ്രതികരിച്ചു. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ട്. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്. ഉത്സവകാലം പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനുശേഷം പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും വാസവൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി വാസവൻ കൂടിക്കാഴ്ച നടത്തിയിരുന്നു.