സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസ് നേതാക്കൾ പരിഹസിക്കുന്നതുപോലെ തോൽക്കാനല്ല തങ്ങൾ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത്.
കോട്ടയം: അരനൂറ്റാണ്ടിനുശേഷമാണ് ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിന് പുതുപ്പള്ളി നിയോജക മണ്ഡലം തയാറെടുക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ എത്തുമ്പോൾ റെക്കോഡ് ഭൂരിപക്ഷമാണ് യുഡിഎഫും കോൺഗ്രസും സ്വപ്നം കാണുന്നത്. എന്നാൽ മറുവശത്ത് കോൺഗ്രസ് നേതാക്കൾ പരിഹസിക്കുന്നതുപോലെ തോൽക്കാനല്ല തങ്ങൾ മത്സരിക്കുന്നതെന്നാണ് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത്. പുതുപ്പള്ളിയിൽ വിജയപ്രതീക്ഷയ്ക്ക് എട്ട് കാരണങ്ങളാണ് എൽഡിഎഫ് ക്യാമ്പിൽ ഉള്ളത്.
സഹതാപത്തിൽ വീഴാത്ത കോട്ടയം
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം രാജ്യമാകെ ഇന്ദിരാ സഹതാപ തരംഗം ആഞ്ഞടിച്ചപ്പോഴും മണ്ഡലം മറിച്ചു ചിന്തിച്ചതാണ് ഇടതുനേതാക്കൾ എടുത്തുകാട്ടുന്നത്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ സിപിഎം സ്ഥാനാർഥി സുരേഷ് കുറുപ്പ് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി കേരള കോൺഗ്രസിലെ സ്കറിയാ തോമസിനെ 5853 വോട്ടിന് പരാജയപ്പെടുത്തി.
പുതുപ്പള്ളിയുടെ ഇടതു മനസ്
1970 മുതല്‍ ഉമ്മന്‍ ചാണ്ടിയെന്ന അതികായനൊപ്പം ചേരുന്നതുവരെ പുതുപ്പള്ളി രാഷ്ട്രീയഭൂമികയില്‍ അടയാളപ്പെടുത്തപ്പെട്ടത് സിപിഎം കരുത്തുറ്റ മണ്ഡലം എന്ന നിലയിലാണ്. മൂന്ന് തവണ ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഇടതു മുന്നണി ലീഡ് നേടിയിട്ടുണ്ട്. മൂന്ന് തവണയും സുരേഷ് കുറുപ്പ് തന്നെ സ്ഥാനാർഥി. 1984 ൽ 1800ലേറെ ലീഡ് നേടി. പിന്നീട് 1999 ൽ പിസി ചാക്കോ എതിരാളി ആയപ്പോഴും 850 വോട്ട് ലീഡ് നേടി. 2004 ൽ ആന്റോ ആന്റണിയെ പരാജയപ്പെടുത്തിയപ്പോൾ ലീഡ് 4995 വോട്ട് ആയി
advertisement
എട്ട് പഞ്ചായത്തിൽ ആറിലും എൽഡിഎഫ്
എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും ചേര്‍ന്ന മണ്ഡലമാണിത്. ഇതില്‍ ആറെണ്ണം എൽഡിഎഫ് ഭരണത്തിന് കീഴില്‍. മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. മാത്രമല്ല, മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളില്‍ 14 ലും സിപിഎം ഭരണസമിതിയാണുള്ളത്.
ഭൂരിപക്ഷം 27,092 ൽ നിന്ന് 9000ത്തിലേക്ക്
advertisement
1970ല്‍ കന്നിമത്സരത്തിൽ ഇ എം ജോര്‍ജിനെ ഉമ്മൻചാണ്ടി തോല്‍പ്പിച്ചത് 7288 വോട്ടുകള്‍ക്ക്. പിന്നീടങ്ങോട്ട് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പടിപടിയായി വർധിക്കുന്നതാണ് കണ്ടത്. 1996ല്‍ 10,155 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ റജി സക്കറിയയെയും 2001ല്‍ കോണ്‍ഗ്രസ് വിട്ടുവന്ന ചെറിയാന്‍ ഫിലിപ്പിനെ 12,575 വോട്ടുകൾക്കും 2006ല്‍ സിന്ധു ജോയിയെ 19,863 വോട്ടുകള്‍ക്കുമാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്.
2011ലായിരുന്നു റെക്കോഡ് ഭൂരിപക്ഷം, 33,255. സിപിഎമ്മിന്റെ സുജ സൂസൻ ജോര്‍ജായിരുന്നു എതിരാളി. 2016ല്‍ ഭൂരിപക്ഷം 27,092 ആയി. 2021ല്‍ വീണ്ടുമിടിഞ്ഞ്, 9,044 ആയി. രണ്ടു തവണയും സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസായിരുന്നു എതിര്‍സ്ഥാനാർത്ഥി. അവസാന മത്സരത്തിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാനായതാണ് എൽഡിഎഫിന് പ്രതീക്ഷയേകുന്ന ഒരു ഘടകം.
advertisement
ബിജെപി വോട്ടുകളുടെ ചാഞ്ചാട്ടം
താമര ചിഹ്നത്തിൽ വോട്ട് വീഴുന്നില്ലെങ്കിലും ബിജെപിക്ക് നിർണായകമായ സ്വാധീനമുള്ള പോക്കറ്റുകൾ മണ്ഡലത്തിൽ ഏറെ ഉണ്ട്. വിവിധ ഹിന്ദു വിഭാഗങ്ങൾക്ക് സ്വാധീനം ഉള്ളതാണ് മണ്ഡലം. ബിജെപി ജയസാധ്യത ഇല്ലാതിരുന്ന മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആ വോട്ടുകൾ ഇപ്പോൾ പ്രസക്തമാണ്. 2016 ൽ ഉമ്മൻചാണ്ടിക്ക് 71,597 വോട്ട് കിട്ടിയപ്പോൾ ബിജെപി സ്ഥാനാർഥി ജോർജ് കുര്യന് 15,993 വോട്ടുകൾ.11.93 എന്ന ഏറ്റവും ഉയർന്ന ശതമാനം. വോട്ടിൽ 6.22 ശതമാനം വർധന. ഉമ്മൻ ചാണ്ടിയുടെ വോട്ടിൽ 6.32 ശതമാനം കുറവ്. ജെയ്ക്കിന് 44,505 വോട്ട്. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ വോട്ട് വീണ്ടും 5.34 ശതമാനം കുറഞ്ഞ് .63,372 എത്തി.(48.08 %) ജെയ്ക്കിന് 54,328 വോട്ടുകളുമാണ് (41.22%) കിട്ടിയത്. 8 ശതമാനം കൂടി. എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞു. എന്‍ ഹരിയ്ക്ക് കിട്ടിയത് 11,694.(8.87%) 3.06 ശതമാനം കുറവ്. ബിജെപി സ്വന്തം ശക്തി തെളിയിച്ചാൽ അത് ഇടത് ക്യാമ്പിൽ പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്.
advertisement
മണ്ഡല വികസനവും ഉമ്മൻ ചാണ്ടിയുടെ സ്കൂളും
ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളാണ് സെന്റ് ജോര്‍ജ് ഗവ. വിഎച്ച്എസ്എസ്. പക്ഷേ അവിടെ വികസനം എത്താന്‍ പിണറായി വിജയൻ സര്‍ക്കാര്‍ വരേണ്ടിവന്നുവെന്നാണ് ഇടത് സൈബർ പ്രചരണം. 1917ല്‍ തുടങ്ങിയ സ്‌കൂളിൽ അഞ്ചുകോടി രൂപ മുടക്കി പുതിയ കെട്ടിടമാണ് നിർമിച്ചത്. സ്കൂളിന്റെ പഴയ ചിത്രവും പുതിയ ചിത്രവും കോർത്തിണക്കിയുള്ള പോസ്റ്റുകളും ഇടത് ഗ്രൂപ്പുകളിൽ വൈറലാണ്. 53 വർഷം ഉമ്മൻ ചാണ്ടി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തിൽ കാര്യമായ വികസനമുണ്ടായില്ലെന്നും ചെറിയമാറ്റമെങ്കിലും വരുത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും ഇടതു നേതാക്കൾ പറയുന്നു. മണ്ഡലത്തിലെ വികസനം പ്രധാന പ്രചാരണ ആയുധമാക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.
advertisement
പാലാ വഴിക്ക് വരുമോ പുതുപ്പള്ളി ?
പുതുപ്പള്ളിയുടെ അയൽമണ്ഡലമാണ് പാലായെ അര നൂറ്റാണ്ട് നയിച്ച കെ എം മാണിയുടെ മരണത്തിന് ശേഷം 2019 സെപ്തംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി വിജയിച്ചു. എൻസിപിയിലെ മാണി സി കാപ്പനാണ് 2,943 വോട്ടിന് അട്ടിമറി വിജയം കരസ്ഥമാക്കിയത്. സഹതാപതരംഗം വോട്ടാകാത്ത പാലാ മണ്ഡലത്തെ പോലെ പുതുപ്പള്ളിയും ചിന്തിച്ചാൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്.
ഉമ്മൻ ചാണ്ടിയോളം വരുമോ ചാണ്ടി ഉമ്മൻ
advertisement
ജയമില്ലെങ്കിലും സിപിഎമ്മിന്റെ കേഡര്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. മകൻ പകരക്കാരനായി എത്തിയെങ്കിലും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ ഇതിഹാസം ഇല്ലാത്ത തെരഞ്ഞെടുപ്പില്‍, കാലാകാലങ്ങളിലായി അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിൽ ഒരു പങ്ക് തങ്ങൾക്ക് കിട്ടുമെന്ന് സിപിഎം പ്രതീക്ഷ പുലർത്തുന്നു. വോട്ടർമാർ രാഷ്ട്രീയമായി ചിന്തിച്ചാൽ കാറ്റ് തങ്ങൾക്ക് അനുകൂലമാകുമെന്നും ഇടതുനേതൃത്വം കണക്കുകൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 09, 2023 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ