അതേസമയം വോട്ടെണ്ണൽ രണ്ട് റൌണ്ട് മാത്രം പിന്നിട്ടപ്പോൾ സിപിഎം നേതാവ് എ കെ ബാലൻ നടത്തിയ അസ്വാഭാവിക പ്രതികരണം ശ്രദ്ധേയമായിരുന്നു. എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്നാണ് എ കെ ബാലൻ പറഞ്ഞത്. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. ‘കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാം’- എ കെ ബാലൻ പറഞ്ഞു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ തോൽവി സമ്മതിക്കുന്നതുപോലെയുള്ള ഒരു പ്രതികരണം മുതിർന്ന സിപിഎം നേതാവിൽനിന്ന് ഉണ്ടായത് അസ്വാഭാവികമാണ്. ബിജെപി വോട്ട് ചോർച്ച ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്ഥാനാർഥി ജെയ്ക്ക് സി തോമസും ആരോപിച്ചത്.
advertisement
അതേസമയം വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ആദ്യ റൌണ്ടിൽ വോട്ടെണ്ണിയ അയർകുന്നത്തും അകലകുന്നത്തും പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റം ചാണ്ടി ഉമ്മൻ നേടിക്കഴിഞ്ഞു. അതിനിടെ എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ പത്ത് മിനിട്ടിലേറെ വൈകിയാണ് ആരംഭിച്ചത്.