2021ൽ ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പോരാട്ടം പുറത്തെടുത്ത തെരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിന് മണർകാട്, പാമ്പാടി പഞ്ചായത്തുകളിൽ ലീഡുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു പഞ്ചായത്തുകളും ഇത്തവണ ജെയ്ക്കിനെ കൈവിട്ടു. മന്ത്രി വി എൻ വാസവന്‍റെ ബൂത്തിലും ലീഡ് ചാണ്ടി ഉമ്മനാണ്.
ഉമ്മൻചാണ്ടിയുടെ കൈയ്യൊപ്പ് പതിഞ്ഞ പുതുപ്പള്ളി ചാണ്ടി ഉമ്മനെ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. 2011ൽ ഉമ്മൻചാണ്ടി നേടിയ റെക്കോർഡ് ഭൂരിപക്ഷമായ 33,255 വോട്ടെന്ന നേട്ടം വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ ചാണ്ടി ഉമ്മൻ മറികടന്നിരുന്നു.
advertisement
ചാണ്ടി ഉമ്മൻ ജയം ഉറപ്പിച്ച് കുതിച്ചപ്പോൾ ഹാട്രിക്ക് തോൽവിയെന്ന നാണക്കേടിലേക്കാണ് ജെയ്ക്ക് സി തോമസ് എത്തിയത്. 2016, 2021 വർഷങ്ങളിൽ അതികായനായ ഉമ്മൻചാണ്ടിയോട് ജെയ്ക്ക് സി തോമസ് തോറ്റിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നേടിയിരുന്നു. തുടക്കത്തിൽ അയർകുന്നത്ത് വലിയ ലീഡാണ് അദ്ദേഹം നേടിയത്. പിന്നീട് ഓരോ പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴും ചാണ്ടി ഉമ്മന്‍റെ ലീഡ് കുതിച്ചുയർന്നു. മണർകാട്, പാമ്പാടി പഞ്ചായത്തുകൾ ഇടതുപക്ഷം പ്രതീക്ഷവെച്ചിരുന്നെങ്കിലും അവിടെയും നിലംതൊടാനായില്ല.