ഉമ്മൻചാണ്ടി പിന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവർക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മൻചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന ചാണ്ടി ഉമ്മൻ യുഡിഎഫ് ക്യാംപുകളിൽ ആവേശം നിറയ്ക്കുന്നു. യുഡിഎഫ് ക്യാംപിൽ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനിടെ ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി പോസ്റ്റ് ചെയ്തത്. വോട്ടെണ്ണൽ പകുതിയോളം പിന്നിട്ടപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രളിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. നേതാക്കളും പ്രവർത്തകരുമെല്ലാം ആവേശത്തിലാണ്.
advertisement
അതേസമയം വോട്ടെണ്ണൽ രണ്ട് റൌണ്ട് മാത്രം പിന്നിട്ടപ്പോൾ സിപിഎം നേതാവ് എ കെ ബാലൻ നടത്തിയ അസ്വാഭാവിക പ്രതികരണം ശ്രദ്ധേയമായിരുന്നു. എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്നാണ് എ കെ ബാലൻ പറഞ്ഞത്. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന്‍ ചോദിച്ചു. ‘കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാം’- എ കെ ബാലൻ പറഞ്ഞു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ തോൽവി സമ്മതിക്കുന്നതുപോലെയുള്ള ഒരു പ്രതികരണം മുതിർന്ന സിപിഎം നേതാവിൽനിന്ന് ഉണ്ടായത് അസ്വാഭാവികമാണ്. ബിജെപി വോട്ട് ചോർച്ച ആരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്ഥാനാർഥി ജെയ്ക്ക് സി തോമസും ആരോപിച്ചത്.