എൽഡിഎഫിന്റെ യും യുഡിഎഫിന്റെയും വോട്ടു ബാങ്കുകളിൽ വിള്ളലുണ്ടാക്കി നിലമ്പൂരിൽ പി വി അൻവർ നേടിയത് 19760 വോട്ടുകളാണ്. ഭരണവിരുദ്ധ വികാര വോട്ടുകൾ പിളർത്തി റെക്കോർഡ് ഭൂരിപക്ഷമെന്ന യുഡിഎഫിന്റെ സ്വപ്നം തകർത്തത് അൻവറിന്റെ ഈ പോരാട്ടമാണ്. അടിയുറച്ച കോട്ടകളിലും ചോർച്ചയുണ്ടാകാമെന്ന പാഠം ഇടതുകേന്ദ്രങ്ങളെ പഠിപ്പിക്കാനുമായി.
ഇതും വായിക്കുക: നിലമ്പൂരിൽ ആര്യാടൻ 2.0 ; ഒൻപതു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആര്യാടൻ തുടരും
അൻവറിന്റെ മികച്ച മുന്നേറ്റം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും തിരികൊളുത്തി. പിണറായിസത്തിനെതിരെ പോർമുഖം തുറന്ന് എൽഡിഎഫ് വിട്ട അൻവറിനെ മുന്നണിയിൽ എടുക്കാത്തതിൽ കോൺഗ്രസിനുളളിലും മുസ്ലിം ലീഗിലും നേരത്തെ തന്നെ അതൃപ്തിയുണ്ട്. പുതിയ വോട്ട് കണക്കുകൾ മുന്നണി പ്രവേശന ചർച്ചകളുടെ ചൂട് കൂട്ടും. അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അൻവറിന് വാതിൽ തുറക്കണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ ഉയരുമെന്ന സൂചനയുള്ള പ്രതികരണങ്ങളാണ് മറ്റു നേതാക്കളുടേത്.
advertisement
അൻവറിന് എൽഡിഎഫ് വോട്ടുകൾ കിട്ടിയോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന് ശേഷവും അൻവറിൽ കേന്ദീകരിച്ചുളള ചർച്ചകൾ ചൂടുപിടിക്കുമെന്ന് ചുരുക്കം. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വമെന്ന രാഷ്ട്രീയ തീരുമാനം ശരിയായിരുന്നെന്ന് തെളിയിക്കുക മാത്രമല്ല വിധി വന്നതിന് തൊട്ടുപിന്നാലെ യുഡിഎഫ് പ്രവേശന ചർച്ചകൾക്ക് തുടക്കിമിടാൻ കഴിഞ്ഞതും അൻവറിന്റെ രാഷ്ട്രീയ നേട്ടം തന്നെയായി വിലയിരുത്തപ്പെടുന്നു.