'പാര്‍ലമെന്റിന്റെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് എന്റേത്. അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിങ്ങള്‍ നാണംകെട്ട തീരുമാനത്തിന് പോകേണ്ടെന്നാണ് അവര്‍ പറയുന്നത്. മത്സരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മമതയും പത്ത് എംപിമാരും പ്രചാരണത്തിന് വരും. എല്ലാ പിന്തുണയും അവര്‍ നല്‍കിയിട്ടുണ്ട്. ഇനി കാര്യങ്ങള്‍ സംസാരിക്കാനുള്ളത് കെ സി വേണുഗോപാലുമായിട്ട് മാത്രമാണ്. അദ്ദേഹത്തില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്' അന്‍വര്‍ പറഞ്ഞു.
നിന്നിരുന്ന പ്രസ്ഥാനത്തില്‍ തന്നെ കള്ളനായി ചിത്രീകരിച്ച ഘട്ടത്തിലാണ് ഉള്ള കാര്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ചത്. എഡിജിപി അജിത് കുമാര്‍ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിവരെ എന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചു. കള്ളക്കടത്തിന്റെ അണിയറകള്‍ തുറന്നുകാട്ടി. പാലക്കാട് സ്ഥാനാർത്ഥിയെ പിന്‍വലിച്ചിട്ടും യുഡിഎഫ് വാഗദാനം നിറവേറ്റിയില്ല. ഫലം വന്നിട്ട്‌പോലും ഒരു നന്ദി വാക്ക് പറഞ്ഞില്ല. വയനാട്ടില്‍ പ്രിയങ്കയെ പിന്തുണച്ചു. പനമരം പഞ്ചായത്ത് ഭരണം യുഡിഎഫിന് നേടിക്കൊടുത്തു. ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിന് നേടിക്കൊടുത്തു. തങ്ങളെ സഹകരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തു. സതീശന്‍ പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചത്. അതിന് ശേഷം ഒരു വിവരവുമില്ല. സതീശനെ പലതവണ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ബന്ധപ്പെടാന്‍ ആയില്ല. പിന്നീട് ഈ മാസം 15ന് സതീശനുമായി ചര്‍ച്ച നടത്തി. അന്ന് അദ്ദേഹം പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം നടത്തുമെന്നായിരുന്നു. എന്നിട്ട് ഇപ്പോള്‍ പറയുന്നു അന്‍വര്‍ തീരുമാനിക്കട്ടെയെന്ന്- അദ്ദേഹം പറഞ്ഞു.
advertisement
യുഡിഎഫ് പ്രവേശനത്തിന് മുസ്ലിംലീഗ് നേതൃത്വം മുന്‍കൈ എടുത്തിരുന്നെന്നും അന്‍വര്‍ വ്യക്തമാക്കി. 'കുഞ്ഞാലിക്കുട്ടി പറഞ്ഞത്, നിങ്ങള്‍ ഒറ്റയ്ക്കല്ല ഞങ്ങളൊക്കെ കൂടെയുണ്ടെന്ന് പറഞ്ഞു. സഹകരിച്ച് പോകാമെന്നും പറഞ്ഞു. യുഡിഎഫ് പ്രവശനത്തിന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും മുന്‍കൈ എടുത്തു' അന്‍വര്‍ പറഞ്ഞു.
'ഞാന്‍ രാജിവെച്ചത് വനഭേദഗതി ബില്ലും മറ്റും ചൂണ്ടിക്കാട്ടിയാണ്. നിലമ്പൂരിലെ ജനങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ നിലപാട് കൊണ്ടാണ്. പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതിനായിരുന്നു എന്റെ രാജി. ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ലക്ഷ്യത്തിന് അതൊന്നും തടസ്സമേയല്ല. അത് മറ്റൊരു വിഷയമാണ്. അതുവേണമെങ്കില്‍ തുറന്നു പറയും. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ആകാം. സ്ഥാനാർത്ഥിയുടെ കുഴപ്പംകൊണ്ട് ഒരു വോട്ടുംപോകരുതെന്നാണ് ഞാന്‍ പറയുന്നത്. എനിക്ക് വളച്ച് പറയാനും തിരിച്ച് പറയാനും അറിയില്ല. ജനങ്ങള്‍ക്ക് വേണ്ടി പറയുമ്പോള്‍ ഞാന്‍ അധികപ്രസംഗിയാണ്. അതാണ് കാരണമെങ്കിലും ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകും'- അന്‍വര്‍ പറഞ്ഞു.