മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം തോക്ക് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് 'തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും' എന്നാണ് അൻവർ പറഞ്ഞത്. സോളാർ കേസ് അട്ടിമറിച്ചതിലും അജിത് കുമാറിന് പങ്കുണ്ടെന്നും പി വി അൻവർ വെളിപ്പെടുത്തിയിരുന്നു.
advertisement
'ഞാൻ വെളിവില്ലാതെയല്ല ഓരോന്ന് പറയുന്നത്. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് ഓരോ കാര്യവും പറയുന്നത്. അത് നിങ്ങൾ മാധ്യമങ്ങൾക്ക് തന്നെ അന്വേഷിക്കാം. എഡിജിപി അജിത് കുമാർ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ കോംപൗണ്ടിൽ യൂസഫലി സാറിന് അദ്ദേഹത്തിന്റെ ഹെലിപാഡിനോട് ചേർന്നൊരു വീടുണ്ട്. അതിന്റെ തൊട്ടടുത്താണ് അജിത് കുമാർ കൊട്ടാരം പണിയുന്നത്.
അവിടെ 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് ഭൂമി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഏകദേശം 15000 സ്‌ക്വയർഫീറ്റിലാണ് അവിടെ കെട്ടിടം പണിയുന്നത്. അവിടുത്തെ നാട്ടുകാർക്കെല്ലാം ഇതറിയാം. അവിടത്തെ ഭൂമിയുടെ വില അറിയാമോ? 60 മുതൽ 70 ലക്ഷം വരെയാകും മിനിമം. ഒരു അഴിമതിയില്ല, 25 രൂപയുടെ കുപ്പായമേ ഇടൂ, കീറിപ്പറഞ്ഞ പാന്റേ ഇടൂ, പാവപ്പെട്ട എഡിജിപി. നിങ്ങൾ മാധ്യമങ്ങൾ ഇത് അന്വേഷിക്കണം. എനിക്കത് ടിവിയിലൂടെ കാണണമെന്നുണ്ട്.''- പി വി അൻവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.