ആനകളുള്ള തറവാട്ടില്‍ നിന്ന് എത്തി കേരള രാഷ്ട്രീയത്തില്‍ ഒറ്റയാന്‍ ആയി മാറിയ ആര്‍ ബാലകൃഷ്ണപിള്ള ഇനി കേരളത്തിന് തലയെടുപ്പുള്ള ഓര്‍മ്മ. ആറുപതിറ്റാണ്ട് നീണ്ട ഐതിഹാസികമായ ആ രാഷ്ട്രീയ ജീവിതം ഒരിക്കലും തീപ്പെട്ടു പോകാത്ത ചരിത്രമാണ് കേരളത്തിന്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാര ചടങ്ങ് നടന്നത്.
advertisement
പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ബാലകൃഷ്ണപിള്ളയുടെ അന്ത്യം. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളാണ് അവസാന നാളുകളില്‍ പിടികൂടിയത്. കെ ബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്തിരുന്നു. വീട്ടില്‍ ആയിരുന്നപ്പോഴും കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനുവേണ്ടി നീക്കങ്ങള്‍ നടത്തി.
കൊട്ടാരക്കരയിലെ വസതിയിലും എന്‍എസ്എസ് പത്തനാപുരം താലൂക്ക് കമ്മിറ്റി ആസ്ഥാനത്തും കീഴൂട്ട് തറവാട്ടിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചു. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഗതാഗത മന്ത്രിയായിരിക്കെ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ പരിഷ്‌കാര നടപടികള്‍ ആണ് ബാലകൃഷ്ണപിള്ളയെ ഭരണാധികാരി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. സൂപ്പര്‍ഫാസ്റ്റ് ബസ് എന്ന ആശയം അദ്ദേഹത്തിന്റെതായിരുന്നു. കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലെ എന്‍എസ്എസ് മന്ദിരത്തിലേക്ക് ഭൗതികദേഹം കൊണ്ടുപോയതും കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ചലച്ചിത്രതാരങ്ങളായ ദിലീപ്, വിജയരാഘവന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.