ജാമ്യാപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. അദ്ദേഹത്തിൻ്റെ പുതിയ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിമാൻഡിലിരിക്കെ ജയിലിൽ നിരാഹാര സമരം നടത്തിയ രാഹുൽ ഈശ്വർ പിന്നീട് അത് പിൻവലിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി. ഈ കേസിൽ രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്ന പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
