ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എം.പിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്. ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാട് ജനത തെരഞ്ഞെടുത്തയച്ച രാഹുൽ ഗാന്ധി , നിലവിൽ എം പിയല്ല. മാനഷ്ട കേസുമായി ബന്ധപ്പെട്ട സൂറത്ത് കോടതി വിധിയുടെ പിന്നാലെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായാണ് വയനാടിന്റെ മണ്ണിലെത്തുന്നത്.
advertisement
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. വയനാട്ടുകാർ സഹോദരനെ പോലെ തന്നെ സ്വീകരിച്ചുവെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, മോൻസ് ജോസഫ് എംഎൽഎ, എൻ കെ പ്രേമചന്ദ്രൻ എംപി, സി പി ജോൺ തുടങ്ങിയ നേതാക്കളും രാഹുലിനെ സ്വീകരിക്കാനെത്തി.