പദ്ധതി മരവിപ്പിച്ചുകൊണ്ട് 2019-ൽ പുറപ്പെടുവിച്ച ഉത്തരവ് റെയിൽവേ ബോർഡ് റദ്ദാക്കി. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഇത് സംബന്ധിച്ച ഉത്തരവ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ഈ ഒരാവശ്യം ഉന്നയിച്ച് അനേകായിരം നിവേദനങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി. തറക്കല്ലിട്ട് 31 വർഷത്തിന് ശേഷമാണ് പ്രതീക്ഷകൾ ചിറകുമുളയ്ക്കുന്നത്. 35 കിലോമീറ്ററാണ് പദ്ധതിയുടെ ദൂരം. ഇപ്പോൾ ഇതിൽ കുറവ് വന്നിട്ടുണ്ടെന്നാണ് സൂചന.
advertisement
തൃശൂർ ജില്ലയിലെ ക്ഷേത്ര നഗരിയായ ഗുരുവായൂർ നിന്നും മലപ്പുറം ജില്ലയിലെ പുണ്യനഗരിയായ തിരുനാവായ വരെയാണ് ഏതാണ്ട് 33 കിലോമീറ്റർ വരുന്ന പദ്ധതി.
'ജനവാസകേന്ദ്രങ്ങൾ പരമാവധി ഒഴിവാക്കിയാകും പദ്ധതി വരിക എന്നാണ് സൂചന. പദ്ധതിക്കെതിരെ മുമ്പ് ചിലയിടങ്ങളിൽ പ്രദേശവാസികളിൽ നിന്നും ശക്തമായായ എതിർപ്പ് ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ അടുത്തകാലത്തായി ദേശീയ പാത നിർമാണത്തിൽ കേന്ദ്ര നഷ്ടപരിഹാരം മെച്ചപ്പെട്ട രീതിയിൽ ആയതിനു ശേഷം ജനങ്ങൾ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതും പദ്ധതിക്ക് ജീവൻ വെക്കാൻ അനുകൂലമായ ഘടകമാണ്', 2014 മുതൽ ഗുരുവായൂര്‍-തിരുനാവായ പദ്ധതിക്കുവേണ്ടി മുന്നണിയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ അൻമോൽ മോത്തി ന്യൂസ്18 നോട് പറഞ്ഞു.
തൃശ്ശൂർ മുതൽ ഗുരുവായൂർ വഴി തിരുനാവായയിലേക്ക് ഏതാണ്ട് 60 കിലോമീറ്റർ ആകും ദൂരം. ഇത് നിലവിലെ ഷൊർണൂർ വഴിയുള്ള പാതയെക്കാൾ ദൂരവും സ്റ്റേഷനുകളും കുറവായതിനാൽ യാത്രാസമയം കുറയും എന്നതാണ് പാതയുടെ പ്രധാന ഗുണം. ഇത്തവണ പുനരാരംഭിച്ച കുംഭമേള വഴി ഭാവിയിൽ മേഖലയിലേക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് കൂടാനും പുതിയ പാത ഗുണം ചെയ്യും. ഇതിനുപുറമെ മലബാറിലേക്കുള്ള യാത്രക്കാരുടെ പ്രയാസം കുറയ്ക്കുന്നതുമാകും ഗുരുവായൂര്‍-തിരുനാവായ പാത.
ഒരടി പോലും ചലിക്കാത്ത പദ്ധതി 2019ൽ മരവിപ്പിച്ച നടപടി റദ്ദാക്കാന്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തിരുന്നു.ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍.എന്‍. സിങ് ആണ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.തീര്‍ഥാടനകേന്ദ്രമായ ഗുരുവായൂരിലേക്ക് സുഗമമായി എത്താനുള്ള റെയില്‍മാര്‍ഗം എന്ന നിലയില്‍ തിരുനാവായ പാതയെ പരിഗണിക്കാമെന്നതാണ് ദക്ഷിണറെയില്‍വേയുടെ ശുപാര്‍ശ.
1983-ലാണ് തൃശൂർ- ഗുരുവായൂർ- കുറ്റിപ്പുറം പാതയുടെ പ്രഖ്യാപനം നടന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കമലാപതി ത്രിപാഠി ആയിരുന്നു അന്ന് മന്ത്രി. ഒരു പ്രദേശത്തെ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കുറ്റിപ്പുറത്തിനു പകരം 1985 ൽ പാത താനൂർ ആയി. 1994 ജനുവരിയിൽ തൃശ്ശൂർ ഗുരുവായൂർ പാത യാഥാർഥ്യമായി.1995 ഡിസംബര്‍ 17-ന് റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡിയാണ് ഗുരുവായൂർ നിന്നും കുറ്റിപ്പുറത്തേക്കുള്ള പാതയ്ക്ക് തറക്കല്ലിട്ടത്. ഇപ്പോൾ ഗുരുവായൂര്‍ സ്റ്റേഷന്റെ വടക്കേ അറ്റത്ത് രണ്ട് സ്വകാര്യ വ്യക്തികളുടെ മുറ്റത്ത് വിശ്രമിക്കുകയാണ് ആ കല്ലുകള്‍. പിന്നീടാണ് 2009 ലാണ് തിരുനാവായയിലേക്ക് നിശ്ചയിച്ചത്. അന്ന് 35 കിലോമീറ്ററായിരുന്നു ഈ ദൂരം. പിന്നെ വടക്കോട്ടുള്ള പാത ചലിച്ചില്ല.
പദ്ധതി മരവിപ്പിച്ചിരുന്നതു കാരണം കേന്ദ്ര ബജറ്റുകളില്‍ അനുവദിച്ചിരുന്ന പണം വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. പദ്ധതിയെ പുനരുജ്ജീവിപ്പിക്കുമ്പോള്‍, സര്‍വേനടപടികള്‍ പുനരാരംഭിക്കേണ്ടതുണ്ട്.
ദൂരത്തിൽ പകുതിയിലേറെയും സര്‍വേ നടത്താനുണ്ട്. 1995 ൽ കേന്ദ്രബജറ്റില്‍ 37 കോടി രൂപ വകയിരുത്തുകയുണ്ടായി.
