ദില്ലിയിൽ നിന്നും തിരിച്ചെത്തുന്ന പികെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിൽ മത്സരിക്കും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിൽ ആണ് കെ.എൻ എ ഖാദറിന്റെ പ്രതികരണം. "പികെ കുഞ്ഞാലിക്കുട്ടി ഞങ്ങളുടെ പ്രമുഖ നേതാവ് ആണ്. അദ്ദേഹം വരുന്നതും മൽസരിക്കുന്നതും എല്ലാം നല്ലത് ആണ്. അദ്ദേഹം പാർലമെന്റിലേക്ക് പോയ സമയത്താണ് ഞാൻ വേങ്ങരയിൽ മത്സരിച്ചത്. അദ്ദേഹം തിരിച്ച് വന്ന് വേങ്ങര തന്നെ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ തടസ്സവും ഇല്ല, മടിയുമില്ല. ഞാൻ മുസ്ലിം ലീഗിന്റെ ഏറ്റവും സമുന്നത നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് വേങ്ങര മണ്ഡലത്തിൽ നിന്ന് മാറുന്നത്. അദ്ദേഹം ഞങ്ങളുടെ നേതാവ് ആണ്. പാർട്ടി നേതൃത്വത്തിനും നേതാക്കന്മാർക്കും ഇത് അറിയാം എന്നും. എന്റെ സേവനം ഏത് മേഖലയിൽ ആണ് വേണ്ടത് എന്ന് അവർ തീരുമാനിക്കട്ടെ".
advertisement
കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സീറ്റ് ഒഴിയുന്ന തന്നെ മറ്റെവിടെ എങ്കിലും പാർട്ടി പരിഗണിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. "പാർട്ടി മൽസരിക്കാൻ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യം എന്ത് വേണമെങ്കിലും പാർട്ടിക്ക് തീരുമാനിക്കാം. ലോക്സഭ ആണെങ്കിലും നിയമസഭ ആണെങ്കിലും എവിടെ ആണോ പാർട്ടി പറയുന്നത് അവിടെ മത്സരിക്കും.
ഏത് മണ്ഡലം ആണെങ്കിലും സ്വീകാര്യമാണ്. ഇനി മൽസരിക്കേണ്ട എന്ന് ആണ് പാർട്ടി തീരുമാനിക്കുന്നത് എങ്കിൽ അതും അനുസരിക്കും. പാണക്കാട് തങ്ങളുടെ പാർട്ടിയുടെ ശരിയാണ് എന്റെ ശരി".
You may also like:'ഉന്നത സര്‍വകലാശാലകളിൽ കേരളത്തില്‍ നിന്നും ജമാ അത്തെ ഇസ്ലാമി കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നു': എളമരം കരീം
മൂന്ന് വട്ടം എംഎൽഎ ആയവർ വീണ്ടും മൽസരിക്കേണ്ട എന്ന് പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. അങ്ങനെ വന്നാലും അത് തന്നെ ബാധിച്ചേക്കില്ല. കാരണം താൻ വേങ്ങരയിൽ എംഎൽഎ ആയി 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര മണ്ഡലത്തിൽ സമാനത ഇല്ലാത്ത വിധം വികസനം കൊണ്ടുവന്നിട്ടുണ്ടെന്ന് എംഎൽഎ കെ എൻ എ ഖാദർ അവകാശപ്പെടുന്നു. എംഎൽഎ ഫണ്ടും ആസ്തി വികസന ഫണ്ടും മുഴുവൻ ചെലവഴിച്ചു. മുൻപ് വേങ്ങര മണ്ഡലം രൂപീകരിക്കുന്നതിൽ താൻ പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യവും അദേഹം ഓർമിപ്പിക്കുന്നു. മണ്ഡല പുനർനിർണയ കമ്മിറ്റിയിൽ അംഗം ആയിരുന്ന താൻ ആണ് വെങ്ങരയുടെ അതിർത്തി നിശ്ചയിച്ചതും പേരിട്ടതും മണ്ഡലത്തിന് രൂപം നൽകിയതും.
മലപ്പുറം പാർലമെന്റിലേക്ക് പരിഗണിക്കുന്ന വ്യക്തികളിൽ ഒരാളാണ് കെ.എൻ.എ. ഖാദർ. നിയമ സഭയിലേക്കോ പാർലമെന്റിലേക്കോ തന്നെ പരിഗണിക്കണം എന്നും തനിക്ക് അതിന് അർഹത ഉണ്ട് എന്ന് കൂടി തുറന്ന് പറയുകയാണ് കെ.എൻ.എ ഖാദർ.
2017 ൽ പികെ കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് പോയ ശേഷം വേങ്ങരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആണ് കെ. എൻ . എ ഖാദർ മത്സരിച്ചത്. അന്ന് 23,310 വോട്ടിന് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി പി ബഷീറിനെ ഖാദർ തോൽപ്പിച്ചത്.