TRENDING:

'2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ല'; മുഖ്യമന്ത്രി

Last Updated:

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയൻ (ഫയൽ ചിത്രം)
പിണറായി വിജയൻ (ഫയൽ ചിത്രം)
advertisement

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം

നടത്തിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല. സ്കൂൾ, കോളേജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികൾ ആവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേത് പോലെ എല്ലാ മതസ്ഥരും ഇടകലർന്ന ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മത വിഭാഗങ്ങളിൽ നിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്ര നിലപാടുകളുടെ പ്രചാരകർക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങൾ മനസ്സിലാക്കി ഇടപെടാൻ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയാറാകണം എന്നഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

advertisement

Also Read- ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി

വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം,. സാമുദായിക സ്പർധയ്ക്കു കാരണമാകും വിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും നൽകുന്നവരെയും തുറന്നുകാട്ടാൻ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യർത്ഥിക്കുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

ഐഎസിൽ ചേർന്ന മലയാളികുടെ വിശദാംശത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്

നിലവിൽ ചിലർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലം ഇല്ല. കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്നം ശ്രദ്ധയിൽ വന്നപ്പോൾ തന്നെ പറഞ്ഞത് ആവർത്തിക്കുകയാണ്- ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.

advertisement

നിർബന്ധിത മതപരിവർത്തനം നടത്തിയത് സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷങ്ങൾ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്തത് നിർബന്ധിത മതപരിവർത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രായപൂർത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.

Also Read- ഐ എസിൽ ചേർന്ന മലയാളികൾ 100; 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയവർ; ഒരാൾ മാത്രം ഹിന്ദു

ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപെടുത്തി മതപരിവർത്തനം നടത്തിയ ശേഷം ഐ എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നതായുള്ള പ്രചരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ എസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്.

മറ്റുള്ള 28 പേർ ഐഎസ്ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരിൽ 5 പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും ഐഎസിൽ ചേരുകയും ചെയ്തത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകൾ ഒന്നും.

യുവതീ യുവാക്കൾ മതതീവ്ര നിലപാടുകളിൽ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിലും മറ്റും എത്തിപ്പെടാതിരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. ഇതിനായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മുൻകൈ എടുത്ത് 2018 മുതൽ ഡീ റാഡിക്കലൈസേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തെറ്റായ നിലപാടുകളിൽ നിന്ന് പിന്തിരിപ്പിച്ചു അവരെ സാധാരണ മനോനിലയിലെത്തിക്കാനുള്ള ശ്രമമാണ് ഇങ്ങനെ തുടർച്ചയായി നടത്തുന്നത്. തീവ്ര മതനിലപാടുകൾ സ്വീകരിക്കുകയും

ഐഎസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്നതായി കണ്ട യുവാക്കളെ ഡീ റാഡിക്കലൈസേഷൻ പരിപാടികളിൽ പങ്കെടുപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീവ്ര മതനിലപാടുകളിലൂടെ ഐഎസ്ആശയങ്ങളിൽ ആകൃഷ്ടരായി യുവാക്കൾ വഴി തെറ്റാതിരിക്കാൻ വിവിധ ജില്ലകളിലെ മഹല്ലുകളിലെ പുരോഹിതൻമാരെയും മഹല്ല് ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ നടത്തുകയും നടത്തിയിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നടത്തി വന്ന ഈ പരിപാടികൾ കൊവിഡ് പശ്ചാത്തലത്തിൽ 2020 മുതൽ നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. അത് പുനരാരംഭിയ്ക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'2020 ലെ സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ മതപരമായ അനുപാതം അസ്വാഭാവികമല്ല'; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories