ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് ആണ് കേരള പോലീസിൽ ഇന്നെത്തിയത്. കേരള പൊലീസിൽ 'യെന്തിരൻ പൊലീസ്' എത്തുന്നതോടെ രാജ്യത്ത് പൊലീസ് സേനയിൽ റോബോട്ടിനെ ഉപയോഗിക്കുന്ന നാലാമത് രാജ്യമാകും ഇന്ത്യ. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ ചോദിച്ചറിയുന്നത് ഈ റോബോട്ട് ആയിരിക്കും. പൊലീസ് മേധാവിയെ കാണാൻ എത്തുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്.
കേരള പൊലീസ് ആസ്ഥാനത്ത് സന്ദർശകരെ ഇനി 'യന്തിരൻ' പൊലീസ് സ്വീകരിക്കും
advertisement
പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ യന്ത്രമനുഷ്യൻ നൽകും. യന്ത്രമനുഷ്യനോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ചും ഈ സംവിധാനത്തിൽ ലഭ്യമാക്കിയിരിക്കുന്ന സ്‌ക്രീനിന്‍റെ സഹായത്താലും വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് നൽകുവാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ സംവിധാനത്തിൽ സൗകര്യമുണ്ട്. കൂടാതെ സന്ദർശകർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഫയൽ ആരംഭിക്കാനും സൗകര്യമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐ യുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യന് കഴിയും.
മറ്റ് ആധുനിക സംവിധാനങ്ങളും ഭാവിയിൽ ഈ സംവിധാനത്തിൽ വന്നേക്കും. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിയുന്നതിനുളള സംവിധാനം ഭാവിയിൽ ഉൾപ്പെടുത്താൻ കഴിയും. മുഖത്തെ ഭാവങ്ങൾ മനസിലാക്കി പ്രതികരിക്കുന്നതിനുളള സാങ്കേതിക വിദ്യ പിന്നീട് ഇതിൽ ഉൾക്കൊളളിക്കുന്നതോടെ പൊലീസ് ആസ്ഥാനത്ത് വീണ്ടുമെത്തുന്ന സന്ദർശകർക്ക് തങ്ങളുടെ പരാതിയുടെ വിശദവിവരങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാകും.
അടുത്തിടെ കൊച്ചിയിൽ നടന്ന കൊക്കൂൺ സൈബർ കോൺഫറൻസിൽ വെച്ചാണ് പൊലീസ് വകുപ്പിലെ ഏതാനും ചുമതലകൾ നിർവഹിക്കുന്നതിന് യന്ത്രമനുഷ്യന്‍റെ സേവനം വിനിയോഗിക്കുവാൻ തീരുമാനിച്ചത്. ഇതിനെ തുടർന്നാണ് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്‌സ് എന്ന സ്ഥാപനവുമായി ചേർന്ന് കേരള പൊലീസ് സൈബർ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.