ശബരിപാത വിഴിഞ്ഞത്തേക്ക് നീട്ടിയാൽ ആകെ 26 പുതിയ റെയിൽവേ സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് സൂചന. ഇത് പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര പ്രദേശങ്ങൾക്കാണ് ഗുണകരമാവുക. എരുമേലിയിൽനിന്നു റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി ബാലരാമപുരം വരെ എത്തുന്ന പാതയാണ് പരിഗണിക്കുന്നത്. ഇത് പുനലൂരിനടുത്ത് കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കും. ഇതുവഴി തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകർക്ക് എരുമേലി യാത്ര എളുപ്പമാകും.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് റെയിൽ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി കൊല്ലം ജില്ലയിലെ അഞ്ചൽ, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, കടയ്ക്കൽ പ്രദേശങ്ങൾക്കും ഏറെ ഗുണം ചെയ്യും. നെടുമങ്ങാടും കാട്ടാക്കടയും പാതയിൽ വരുന്നത് വിതുരയിലെ ഐസർ, ഐഎസ്ആർഒ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും കാട്ടാക്കടയിലെ നിർദിഷ്ട ബ്രഹ്മോസ് പദ്ധതി, കേന്ദ്ര ഫോറൻസിക് സർവകലാശാല, സശാസ്ത്ര സീമാ ബൽ ബറ്റാലിയൻ ആസ്ഥാനം എന്നിവയ്ക്കും പ്രയോജനകരമാണ്. തെന്മല, നെയ്യാർ ഡാം, പൊന്മുടി യാത്രകൾക്കും ഗുണം ചെയ്യും.
advertisement
തുറമുഖത്തേക്ക് പാത നീട്ടിയാൽ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീൻഫീൽഡ് റെയിൽ ചരക്ക് ഇടനാഴി രൂപപ്പെടും. അതേസമയം ഈ പാത ചരക്കുഗതാഗതത്തിനു മാത്രം ഉപയോഗിക്കാതെ പാസഞ്ചർ തീവണ്ടികളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
നെടുമങ്ങാട് ഉൾപ്പെടെ സ്റ്റേഷൻ അനുവദിച്ചുകൊണ്ടുള്ള പ്ലാൻ നടപ്പാക്കണമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ജനകീയക്കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരി റെയിൽപ്പാത പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതമായി 1900 കോടി രൂപ കിഫ്ബിയിൽനിന്നു ലഭ്യമാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തീവണ്ടിപ്പാതകളെ തുറമുഖങ്ങളിലേക്കു ബന്ധിപ്പിക്കാനുള്ള റെയിൽസാഗർ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കേന്ദ്ര ഫണ്ടും ലഭിക്കും.
