ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായി
ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിൽ എത്തിയത് തെറ്റെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ദോഷം ചെയ്തെന്നും വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിക്കുന്നതിൻ്റെ രാഷ്ട്രീയം എന്തായിരുന്നെന്നും നേതാക്കൾ ചോദിച്ചു. എല്ലാം ഭരണത്തിന് വിട്ടു കൊടുത്ത് പാർട്ടി മാറിനിൽക്കുന്നതിന്റെ കുഴപ്പമാണിതെന്നും കുറ്റപ്പെടുത്തലുണ്ടായി.
'ശബരിമല' തിരിച്ചടിയായില്ലെന്ന് എം വി ഗോവിന്ദൻ
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സിപിഎമ്മിൽ രണ്ടു നിലപാട്. ശബരിമല തിരിച്ചടിയായെന്ന് സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞപ്പോൾ തിരിച്ചടി ആയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് കുറ്റകൃത്യത്തിൽ വ്യക്തത വരാത്തതുകൊണ്ടാണെന്നും എംവി ഗോവിന്ദൻ യോഗത്തില്‍ വിശദീകരിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടോ, സാങ്കേതിക പിഴവാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് എങ്ങനെ തിരിച്ചടിയാകുമെന്നും എം വി ഗോവിന്ദൻ ചോദിച്ചു
advertisement
ആര്യാ രാജേന്ദ്രനും വിമർശനം
ആര്യാ രാജേന്ദ്രനെ വിമർശിച്ച് മുൻ മേയറും എംഎൽഎയുമായ വി കെ പ്രശാന്ത്. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. മേയർ ജനകീയമായി പ്രവർത്തിക്കാത്തത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ മുന്നിൽ പോയി ഓച്ചാനിച്ച് നിൽക്കേണ്ട ഗതികേടിലാണ് എംഎൽഎമാരെന്ന് യോഗത്തിൽ കെ എ ആൻസലൻ ചൂണ്ടികാട്ടി
എസ് പി ദീപക് സിപിഎം പാർലമെന്ററി പാർട്ടി നേതാവ്
തിരുവനന്തപുരം കോർപറേഷനിൽ എസ് പി ദീപക് സിപിഎം പാർലമെൻററി പാർട്ടി നേതാവാകും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
