2018-ൽ ആചാര ലംഘനത്തിന് വേണ്ടി നിലകൊണ്ട സർക്കാർ ഇപ്പോൾ അത് വീണ്ടും ആവർത്തിക്കാനുള്ള ശ്രമാണെന്ന് പന്തളം കൊട്ടാര വേദിയിൽ അയ്യപ്പ മഹാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പന്തളം കൊട്ടാരം നിർവ്വാഹക സമിതി അദ്ധ്യക്ഷൻ ശരികുമാരവർമ്മ അഭിപ്രായപ്പെട്ടു. പമ്പാസ്നാനവും നെയ്യഭിഷേകവുമില്ലാതെ, പതിനെട്ടാംപടി ഒന്ന് തൊട്ട് നെറ്റിയിൽ വെച്ച് നമസ്കരിക്കരിക്കാൻ പോലും അനുവാദമില്ലാത്ത തീർത്ഥാടനം എങ്ങനെ അംഗീകരിക്കാൻ കഴിയും എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ എന്നും പന്തളം കൊട്ടാരം ഭക്തജനങ്ങളോടൊപ്പം ആയിരിക്കും എന്നും അദ്ദേഹം കൂട്ടിചേർത്തു.
advertisement
പൂട്ടിക്കിടക്കുന്ന ഒരു തീപ്പെട്ടിക്കമ്പനി ഏറ്റെടുക്കുന്ന ലാഘവ ബുദ്ധിയോടെയാണ് ഇപ്പോൾ സർക്കാർ ശബരിമല കൈ വച്ചിരിക്കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ശബരിമലയിൽ എത്തുന്ന ഭക്ത ജനങ്ങളുടെ വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളെയും പിച്ചിച്ചീന്തിക്കൊണ്ട് ക്ഷേത്രം കൈയ്യടക്കി വെച്ചിരിക്കുന്ന സർക്കാർ നടപടി ആർക്കും സ്വീകരിക്കാൻ സാധ്യമല്ലെന്നും അദേഹം പറഞ്ഞു.
ആചാരാനുഷ്ടാനങ്ങളോടെയുള്ള ഒരു തീർത്ഥയാത്ര അസാധ്യമായിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളിൽ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ഭവനം സന്നിധാനം എന്ന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി അയ്യപ്പ സംഗമ സന്ദേശത്തിൽ വ്യക്തമാക്കി. പമ്പ മുതലുള്ള പ്രദേശം അയ്യപ്പന്റെ ശരീരമാണ്. അതുകൊണ്ടാണ് പമ്പാസ്റ്റാനം ചെയ്ത് ദേഹശുദ്ധി വരുത്തി വേണം മല കയറാൻ എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അത് സാദ്ധ്യമാകാതെ വരുമ്പോൾ, അതുപോലെ നെയ്യഭിഷേകം പോലെ അതി പ്രധാനമായ തീർത്ഥാടനത്തിൽ അനുഷ്ടിക്കേണ്ടതായ പല കർമ്മങ്ങളും അനുഷ്ടിക്കാതെ ശബരിമല തീർത്ഥയാത്ര എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സന്യാസി ശ്രേഷ്ഠന്മാരും പന്തളം കൊട്ടാരവും ശബരിമലയുമായി ബന്ധപ്പെട്ട വിവധ പ്രസ്താനങ്ങളും ഹൈന്ദവ സംഘടനകളും സംയുക്തമായി ഇന്ന് നടത്തിയ അയ്യപ്പ മഹാ സംഗമം ഒരു ചരിത്ര സംഭവമായിരുന്നു. മുഖ്യ വേദിയായ പന്തളം കൊട്ടാരത്തിലും കേരളത്തിന് അകത്തും പുറത്തുമായി മറ്റ് 18 വേളകളിലുമാണ് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് സംഗമം നടത്തിയത്.
ശബരിമല അയപ്പ സേവാ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ച പന്തളം കൊട്ടാരത്തിൽ നടന്ന യോഗത്തിൽ കൊട്ടാരം നിർവ്വാഹക സമിതി അദ്ധ്യക്ഷൻ ശ്രീ ശരികുമാരവർമ്മ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ മിസോറാം ഗവർണ്ണർ ശ്രീ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ വി. ആർ. രാജശേഖരൻ സ്വാഗതം ആശംസിച്ചു.
കോഴിക്കോട്ട് വേദിയിൽ സ്വാമി ചിദാനന്ദപുരി അയ്യപ്പ സംഗമ സദേശം തൽകി. അയ്യപ്പ സേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് തൊടുപുഴ വേദിയിലും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി കെ. പി. ശശികല തൃശൂർ വേദിയിലും ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ഉപാദ്ധ്യക്ഷനും ശബരിമല കർമ്മ സമിതിയുടെ ജനറൽ കൺവീനറുമായ ശ്രീ എസ്.ജെ.ആർ. കുമാർ എറണാകുളം പാവക്കുളം മഹാദേവ ക്ഷേത്ര വേദിയിലും സംസാരിച്ചു. കേരളത്തിലും പുറത്തുമുള്ള വേദികളിൽ പ്രമുഖ സന്ന്യാസി ശ്രേഷ്ഠന്മാരും ഗുരുസ്വാമിമാരും, വിവിധ സാമുദായിക – ഹൈന്ദവ സംഘടനാ നേതാക്കന്മാരും സംസാരിച്ചു. ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സെക്രട്ടറി ശ്രീ ഈറോഡ് രാജൻ കൃതഞ്ജത രേഖപെടുത്തിയശേഷം മഹാ ആരതിയോടെ സംഗമം സമാപിച്ചു.
എല്ലാ വേദികളിലും ഒരേ സമയം രാവിലെ 11 മണിക്ക് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച അയ്യപ്പ മഹാസംഗമം രണ്ടു മണിക്കൂറുകൾക്ക് ശേഷം അവസാനിക്കുന്നതു വരെ ദൃശ്യമാധ്യമങ്ങളും സോഷ്യൽ മീഡിയ വഴിയുമായി ലോകമെമ്പാടുമുള്ള മൂന്ന് കോടിയോളം ജനങ്ങളാണ് വീക്ഷിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 14 സ്ഥലത്തും കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, ഹൈദരാബാദ്, കർണ്ണാടകത്തിലെതും തുംകൂർ, ചെന്നൈ എന്നിവടങ്ങളിലുമാണ് സംഗമം അരങ്ങേറിയത്.