LIVE- സ്ത്രീകൾ മല ചവിട്ടും; സുപ്രീം കോടതിയുടെ സുപ്രധാന വിധി
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം ആദ്യമായി കോടതിക്ക് മുന്നിലെത്തുന്നത് ഈ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെയാണ്. 1990ലായിരുന്നു ആ ഫോട്ടോ പ്രസിദ്ധീകരിച്ചത്. ഫോട്ടോഗ്രാഫർ ജോയി ഇപ്പോൾ കാലിഫോർണിയയിലാണ്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം; സുപ്രീംകോടതിയുടെ ചരിത്രവിധി
ശബരിമലയിലെ സ്ത്രീപ്രവേശനം ആദ്യമായി കോടതി മുന്നിലെത്തുന്നത് ജോയി പകര്‍ത്തിയ ചിത്രം വിവാദമായപ്പോഴാണ്. അതിനെ തുടര്‍ന്ന് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് വിലക്കും വന്നു. 1993 ലാണ് സ്ത്രീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്.
advertisement
കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായിരുന്നു ജോയി. ശബരിമലയില്‍ പോയി ചിത്രങ്ങള്‍ എടുത്ത് പത്രങ്ങള്‍ക്ക് നൽകുന്നത് ജോയിയായിരുന്നു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ചന്ദ്രിക കുട്ടി തന്‍റെ പേരക്കുട്ടിക്ക് ചോറുകൊടുക്കുന്ന ചിത്രമാണ് ജോയി അന്ന് പകര്‍ത്തിയത്. യുവതികള്‍ക്ക് ആചാരവിലക്കുണ്ടായിരുന്ന ക്ഷേത്രത്തില്‍ അത് മറികടന്ന് സ്ത്രീകള്‍ ഒന്നിച്ച് വന്നത് പുറംലോകം അറിഞ്ഞത് ആ വാര്‍ത്താചിത്രത്തിലൂടെയായിരുന്നു. ജന്മഭൂമി പത്രത്തിന്‍റെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ ചിത്രം പ്രസിദ്ധീകരിച്ചു.
പടം പകര്‍ത്തുമ്പോള്‍ ഇത്രയും വലിയ പ്രശ്നമാകുമെന്ന് താന്‍ ആലോചിച്ചിരുന്നില്ലെന്ന് ജോയി ന്യൂസ് 18 മലയാളത്തോട് പറഞ്ഞു. ഇന്ന് ഇങ്ങനെയൊരു വിധിക്ക് നിമിത്തമാകുന്ന ചിത്രമാണ് അന്ന് പകർത്തിയതെന്ന് അറിയില്ലായിരുന്നു. ചിത്രമെടുത്ത് പമ്പയിലെ ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തി അരമണിക്കൂര്‍ കഴിഞ്ഞ് ഒരാള്‍ അവിടെ എത്തി. ഇപ്പോള്‍ പകര്‍ത്തിയ ചോറൂണിന്‍റെ ചിത്രം നെഗറ്റീവ് അടക്കം നല്‍കണം. ചെറിയ തുകയൊന്നുമായിരുന്നില്ല അന്ന് എന്‍റെ മുന്നിലേക്ക് നീട്ടിയത്. 50000 രൂപയുടെ കെട്ടാണ് അന്ന് അവര്‍ വെച്ചു നീട്ടിയത്.
എത്ര രൂപ തന്നാലും ഫോട്ടോയുടെ നെഗറ്റീവ് തരില്ല എന്നു പറഞ്ഞപ്പോള്‍ വന്നയാളിന്റെ ഭാവം മാറി. കോട്ടയത്തുനിന്ന് പത്രക്കാര്‍ക്കൊപ്പം വന്നതാണെന്ന് പറഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കരുതെന്നായി. സംഭവം കണ്ടു കൊണ്ടു നിന്ന പിടിഐ റിപ്പോര്‍ട്ടര്‍ സിബി മേനോന്‍ അവിടേക്ക് വന്നു, പടം കൊടുക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ കോട്ടയത്ത് ചെന്നിട്ട് തീരുമാനിച്ചോളാം, കാശുമെടുത്ത് സ്ഥലം വിട് എന്നദ്ദേഹം പറഞ്ഞു.
അങ്ങനെ ചിത്രവുമായി കോട്ടയത്ത് എത്തി. പടം മിക്കവാറും എല്ലാ പത്രക്കാർക്കും പതിവ് പോലെ നല്‍കി. പക്ഷെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് ജന്മഭൂമിയായിരുന്നു. പിറ്റേന്ന് പത്രം പുറത്തിറങ്ങിയതോടെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ വിശ്വഹിന്ദുപരിഷത്ത് പ്രശ്നം ഏറ്റെടുത്തു. പിന്നീട് ഫോട്ടോയും പത്രകട്ടിങ്ങുമെല്ലാം കോടതിയില്‍ എത്തി. മൂന്ന് വർഷത്തിന് ശേഷം 10നും 50നും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം വിലക്കിക്കൊണ്ട് കോടതി വിധി വന്നു.
ഇന്ന് അമേരിക്കയിൽ നടക്കുന്ന ഓരോ സംഭവങ്ങളുടെയും ചിത്രങ്ങൾ ജോയി വഴിയാണ് പല പ്രമുഖ പത്രങ്ങൾക്കും ലഭിക്കുന്നത്.