സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ കെ പി സി സി നേതൃത്വവും നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉടൻ എടുക്കണമെന്ന നിലപാടിലാണ്. സർക്കാരിനെതിരെ നിർണ്ണായക സമരങ്ങൾ നടത്തി വരുന്ന പശ്ചാത്തലത്തിൽ സംഘടനയെ ദുർബലമാക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ നിലപാടും.
ചോർത്തിയത് പ്രസിഡൻ്റിനൊപ്പമുള്ളവർ
സംസ്ഥാന യൂത്ത് കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള ഭിന്നത നേരത്തെ മുതൽ രൂക്ഷമാണ്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗവും തിരുവനന്തപുരത്തെ ചില നേതാക്കളെ കേന്ദ്രീകരിച്ച് മറ്റൊരു വിഭാഗവും പ്രവർത്തിക്കുന്നു. ഇരു വിഭാഗവും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുകൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. പുതിയ വിവാദത്തിലും വിമത വിഭാഗത്തിനെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നതിൻ്റെ കാരണമിതാണ്.
advertisement
എന്നാൽ ആരോപണ വിധേയരായവർ മറ്റൊരു വാദമാണ് ഉന്നയിക്കുന്നത്, തിരുവനന്തപുരം ജില്ലയിൽ തന്നെയുള്ള ഷാഫി പറമ്പിലിനോട് ആഭിമുഖ്യമുള്ള മറ്റ് ചില നേതാക്കളാണ് വാട്ട്സ് അപ്പ് ചാറ്റ് പുറത്തുവിട്ടത്. സംസ്ഥാന സെക്രട്ടറിയായ ഒരു വനിതാ നേതാവിനെയാണ് ഇവർ സംശയിക്കുന്നത്. ഈ നേതാവിന് സി പി എമ്മിലെ ചില നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും ഇത് വഴിയാണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിലും പിന്നീട് മറ്റ് മാധ്യമങ്ങളിലും വാർത്ത വന്നതെന്നാണ് ഇവരുടെ വാദം. വിഷയത്തിൽ സംഘടന അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. തെളിവുകളടക്കം നിരത്തി ദേശീയ നേതൃത്വത്തിന് കത്തയക്കാൻ ഒരുങ്ങുകയാണിവർ.
ചാറ്റിന് നിയന്ത്രണം
വാട്ട്സ് അപ്പ് ചാറ്റ് ലീക്കായെന്നറിഞ്ഞതോടെ യൂത്ത് കോൺഗ്രസ് വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗ്രൂപ്പ് അഡ്മിൻമാർ എന്ന നിലയിൽ പ്രസിഡന്റ് ഷാഫി പറമ്പിലിനും ജനറൽ സെക്രട്ടറി ജോബിൻ ജോസഫിനും മാത്രമേ നിലവിൽ സന്ദേശങ്ങൾ അയയ്ക്കാനാവു. ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും ഉൾപ്പടെ 109 പേരാണ് ഗ്രൂപ്പിലെ അംഗങ്ങൾ.
Also Read- കെ എസ് ശബരിനാഥൻ 'മാസ്റ്റർ ബ്രെയിൻ', കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥൻ കഴിഞ്ഞ ദിവസം അറസ്റ്റിലാകുകയും പിന്നീട് ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാല്‍ ഹാജരാകണം, ഡിജിറ്റൽ ഉപകരണങ്ങൾ ഹാജരാക്കണം എന്നീ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം, ശബരിനാഥന് ജാമ്യം നൽകിയതിനെതിരെ കോടതി വളപ്പിൽ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.