കെ എസ് ശബരിനാഥൻ 'മാസ്റ്റർ ബ്രെയിൻ', കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ

Last Updated:

കേസിലെ നാലാം പ്രതിയാണ് ശബരിനാഥൻ. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർത്ഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസിന്റെ അപേക്ഷ. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും റിമാൻഡ് റിപ്പോർട്ടും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുകയാണ്. വാട്സാപ് ഉപയോഗിച്ച ഫോൺ പരിശോധിക്കണമെന്നും അതിന് കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വാട്സാപ് ഉപയോഗിച്ച ഫോൺ മാറ്റിയെന്നും യഥാർത്ഥ ഫോൺ കണ്ടെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
മറ്റാർക്കെങ്കിലും സന്ദേശം അയച്ചോ എന്നും കണ്ടെത്തണം. പ്രതികൾ നാലുപേരും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’. വാട്സാപ് സന്ദേശം അയച്ചശേഷം ശബരിനാഥൻ ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഫോൺ ഉടൻ ഹാജരാക്കാമെന്ന് ശബരിനാഥൻ കോടതിയെ അറിയിച്ചു. കോടതിയിൽ വാദം പൂർത്തിയായി. ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
advertisement
കേസിലെ നാലാം പ്രതിയാണ് ശബരിനാഥൻ. ശബരിനാഥനെ കോടതിയിൽ ഹാജരാക്കി. ഗൂഢാലോചന നടത്തിയെന്ന് കാട്ടി ഇന്ന് രാവിലെയാണ് ശബരിനാഥനെ അറസ്റ്റു ചെയ്തത്. ഗൂഢാലോചന, വധശ്രമം, കൂട്ടംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി ലഭിച്ച നോട്ടിസ് പ്രകാരം രാവിലെ 10.35 നാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്. 10.40 ന് അദ്ദേഹം ശംഖുമുഖം എസിപിയുടെ മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 ന് ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം ആരംഭിച്ചു. ഈ വാദത്തിടെ 11.10 ഓടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
advertisement
കേസിൽ വാദം തുടങ്ങിയപ്പോൾ ശബരിനാഥന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസിൽ നിന്ന് മെയിൽ സന്ദേശം ലഭിച്ചതായി സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിക്കുകയായിരുന്നു. 10.50 ന് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ശംഖുമുഖം എസിപി വ്യക്തമാക്കിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച ശേഷം ശബരിനാഥനെ പൊലീസ് കൊണ്ടുപോയി. 12.30 നാണ് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ശബരിനാഥൻ മാധ്യമങ്ങളോടു പറഞ്ഞു.
advertisement
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയാണെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും മുൻപ് ശബരിനാഥന്‍ വെളിപ്പെടുത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ‌ ഔദ്യോഗിക വാട്സാപ് ചാറ്റ് ചോർന്നിരുന്നു. ഇതിൽ ശബരീനാഥൻ വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തിൽ ആശയം പങ്കുവച്ചതും ഉൾപ്പെട്ടു.
ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ എസ് ശബരിനാഥൻ 'മാസ്റ്റർ ബ്രെയിൻ', കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement