മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമാണ് എന്ന് സമസ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹിജാബ് എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം ശിരോവസ്ത്രത്തെ വിലക്കാൻ കഴിയില്ല. ഹിജാബ് അനിവാര്യമായ മതാചാരമാണ്. മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുടിയും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25ാം അനുഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്.
advertisement
Also Read- Petrol Diesel Price| 'പണിമുടക്കാതെ' ഇന്ധനവില വർധനവ്; പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പില്ലെന്നും സമസ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണമെന്നാണ് അഭിഭാഷകൻ സുൽഫിക്കർ അലി പി എസ് മുഖേനെ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്.
Also Read- Nationwide Strike| രണ്ടുദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു; കേരളം സ്തംഭിക്കാൻ സാധ്യത
ഹിജാബ് നിരോധനത്തിന് എതിരെ കേരളത്തിൽ നിന്ന് സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണ് സമസ്തയുടേത്. ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ ഉഡുപ്പി കുന്ദാപുര ഗവൺമെന്‍റ് പി യു കോളജിലെ ഒന്നാം വർഷ വിദ്യാർഥിനി അയ്ഷ ഷിഫാത് അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമസ്തയും സുപ്രീംകോടതിയെ സമീപിച്ചത്.