ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തെ തുടർന്ന് റിമാൻഡിലായ പ്രവർത്തകർക്ക് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു.
കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം പതിനാല് പ്രവർത്തകർക്കും മൂന്ന് വനിതാ പ്രവർത്തകർക്കുമാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് സന്ദീപ് വാര്യര്‍. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട എന്നിവർക്കും ജാമ്യം ലഭിച്ചു.വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി.
advertisement
സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലെത്തുകയും ഓഫീസിന് നേരെ തേങ്ങ വലിച്ചെറിയുകയുമായിരുന്നു. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. തേങ്ങ തീര്‍ന്നതോടെ കല്ലുകളും വലിച്ചെറിയുകയായിരുന്നു.