താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കെ എം സി ടി മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.
advertisement
പത്തനംതിട്ടയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ അമിതവേഗത്തിൽ വന്ന ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മൂന്നാളം ചെറുപുഞ്ച കടയ്ക്കൽ കിഴക്കേതിൽ രമേശിന്റെ ഭാര്യ ഗീതയാണ് (58) മരിച്ചത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന പന്നിവിഴ ഊട്ടിമുക്ക് അർച്ചനാലയത്തിൽ ജലജാമണിക്ക് (55) ഗുരുതരമായ പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.